ന്യുഡല്‍ഹി: രാജ്യത്തിൻ്റെ റോഡുകളുടെയും സ്റ്റേഡിയങ്ങളുടേയുമൊക്കെ പേരു മാറ്റങ്ങൾ അനവധി കണ്ടും കേട്ടും അറിവുള്ളതാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഉദ്യാനത്തിന്റെ പേര് അമൃത് ഉദ്യാന്‍ എന്ന് പുനര്‍നാമകരണം ചെയ്തത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് മുന്നോടിയായാണ് ഉദ്യാനത്തിന്റെ പേരിൽ മാറ്റം വരുത്തിയത്. ഇപ്പോളിതാ, രാഷ്ട്രപതി ഭവന് അകത്തളങ്ങളും പേരുമാറ്റത്തിൻ്റെ നാന്ദികുറിക്കുകയാണ്. രാഷ്ട്രപതി ഭവന് അകത്തുള്ള രണ്ട് ഹാളുകളുടെ പേരുകൾക്കാണ് മാറ്റം. ദര്‍ബാര്‍ ഹാള്‍ ഇനി മുതല്‍ ഗണതന്ത്ര മണ്ഡപ് എന്നാകും അറിയപ്പെടും. ഒപ്പം അശോക ഹാളിന്റെ പേര് അശോക് മണ്ഡപ് എന്നാക്കി പുനര്‍നാമകരണവും ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് വ്യാഴാഴ്ച പേരുമാറ്റിയുള്ള ഉത്തരവ് പുറത്തിറക്കിയത്.
രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഭരണത്തെയും ഓര്‍മ്മിപ്പിക്കുന്ന പദമാണ് ദര്‍ബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവില്‍ രാഷ്ട്രപതി വിശദീകരിക്കുന്നത്. ഗണതന്ത്ര എന്ന ആശയം പുരാതന കാലം മുതല്‍ ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്. ഇന്ത്യയുടെ പുരാതന സംസ്‌കൃതിയിലേക്ക് വെളിച്ചം വീശൂന്നതിനാലാണ് ഗണതന്ത്ര മണ്ഡപ് എന്ന പേര് തിരഞ്ഞെടുത്തതെന്നും രാഷ്ട്രപതി ഉത്തരവില്‍ വിശദീകരിക്കുന്നു.