ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലെത്തി. 45 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. 1979ല്‍ മൊറാര്‍ജി ദേശായിയാണ് ഒടുവില്‍ പോളണ്ട് സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.

പോളണ്ടിന്റെ തലസ്ഥാനമായ വാഴ്‌സോയിലെ സൈനിക വിമാനത്താവളത്തില്‍ നരേന്ദ്ര മോദിക്ക് പോളിഷ് സേന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. പോളണ്ടിലെ മലയാളിയായ ഇന്ത്യന്‍ അംബാസഡര്‍ നഗ്മ മല്ലിക്കടക്കമുള്ളവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക നയതന്ത്ര സഹകരണം ശക്തമാക്കുകയാണ് മോദിയുടെ സന്ദര്‍ശന ലക്ഷ്യം.
രണ്ടാം ലോക മഹായുദ്ധ കാലത്ത് പോളിഷ് അഭയാര്‍ത്ഥികളെ സ്വീകരിച്ച ഇന്ത്യന്‍ രാജാക്കന്‍മാരുടെ സ്മാരകങ്ങളില്‍ നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തി. പോളിഷ് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായി മോദി നാളെ കൂടിക്കാഴ്ച നടത്തും.
നയതന്ത്ര, പ്രതിരോധ മേഖലകളിലെ സഹകരണം, സംസ്‌കാരിക വിനിമയം എന്നീ വിഷയങ്ങളടക്കം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. വാഴ്‌സോയില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. 23ന് യുക്രൈനിലേക്ക് പോകും.
റഷ്യ -യുക്രൈന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ കാഴ്ചപാട് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. പോളണ്ട്, യുക്രെയിന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനായി യാത്ര തിരിക്കും മുമ്പ് നല്‍കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്നും മോദി വ്യക്തമാക്കിയിരുന്നു.