കൊച്ചി: നെടുമ്പാശ്ശേരി അവയവക്കടത്ത് കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഉൾപ്പെട്ട നാല് പ്രതികൾക്കെതിരെയാണ് കൊച്ചിയിലെ പ്രത്യേക എൻ.എ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വലപ്പാട് സ്വദേശി സാബിത്ത് നാസർ, കളമശ്ശേരി സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി പ്രതാപൻ എന്ന ബല്ലാംകൊണ്ട രാംപ്രസാദ്, നിലവിൽ ഒളിവിൽ കഴിയുന്ന കൊച്ചി സ്വദേശി മധു ജയകുമാർ എന്നിവർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് എൻ.ഐ.എ വേഗത്തിൽ കുറ്റപത്രം നൽകിയത്. കുറ്റപത്രം നൽകിയെങ്കിലും കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള അന്വേഷണം തുടരുമെന്ന് എൻ.ഐ.എ അധികൃതർ പറഞ്ഞു. മധുവിനെ കണ്ടെത്താൻ ഇന്‍റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് അവയവ ദാനത്തിനായി നിരവധിപേരെ വിദേശത്തേക്ക് കടത്തിയതായാണ് സംശയിക്കുന്നത്. ഇവരെ കേസിലെ സാക്ഷികളാക്കാനുള്ള ശ്രമമാണ് എൻ.ഐ.എ നടത്തുന്നത്. ഇക്കഴിഞ്ഞ മേയിൽ എമിഗ്രേഷൻ അധികൃതർ കൊച്ചി വിമാനത്താവളത്തിൽവെച്ച് സാബിത്തിനെ തടഞ്ഞതിനെത്തുടർന്ന് റാക്കറ്റിനെക്കുറിച്ച വിവരങ്ങൾ പുറത്തുവരുന്നതിലേക്ക് നയിച്ചത്.
തുടർന്നാണ് രാംപ്രസാദിനെയും സജിത്തിനെയും അറസ്റ്റ് ചെയ്തത്. തെഹ്‌റാനിലെ സർക്കാർ പിന്തുണയുള്ള ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നതായി കണ്ടെത്തിയിരുന്നു. അന്താരാഷ്‌ട്ര ബന്ധങ്ങൾ കണക്കിലെടുത്താണ് എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തത്