പുതിയ ഫാസ്റ്റ്ടാഗ് ചട്ടങ്ങള്‍ ആഗസ്റ്റ് ഒന്നു മുതല്‍ പ്രാബല്യത്തില്‍. ടോള്‍ ബൂത്തുകളിലെ തിരക്ക് കുറക്കാനും ടോള്‍ നല്‍കുന്ന പ്രക്രിയ എളുപ്പത്തിലാക്കാനും ലക്ഷ്യമിടുന്നതാണ് പുതിയ ചട്ടങ്ങള്‍.
പുതിയ ചട്ടം അനുസരിച്ച് കെ.വൈ.സി (ഉപയോക്താവിനെ അറിയുക) വിവരങ്ങള്‍ നല്‍കുന്നത് ഒക്‌ടോബര്‍ 31നകം പൂര്‍ത്തിയാക്കണം. അഞ്ചു വര്‍ഷത്തിനിടയില്‍ നല്‍കിയ എല്ലാ ഫാസ്ടാഗിന്റെയും കെ.വൈ.സി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന ജോലി, ബന്ധപ്പെട്ട സേവനം നല്‍കുന്ന കമ്പനികള്‍ പൂര്‍ത്തിയാക്കണം.
നാഷണല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് പുതിയ മാര്‍ഗരേഖ ഇറക്കിയിട്ടുള്ളത്. ആഗസ്റ്റ് ഒന്നിന് കെ.വൈ.സി പുതുക്കല്‍ നടപടി ആരംഭിക്കും. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫാസ്ടാഗുകള്‍ മാറ്റി പുതിയത് നല്‍കണം. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, ചേസിസ് നമ്പര്‍ എന്നിവ ഫാസ്ടാഗുമായി ബന്ധിപ്പിക്കണം. പുതിയ വാഹനം വാങ്ങിയാല്‍ 90 ദിവസത്തിനകം രേഖകളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണം. ഫാസ്ടാഗ് സേവനദാതാക്കള്‍ ഡാറ്റബേസ് പരിശോധിച്ച് കുറ്റമറ്റതാക്കണം. വാഹനത്തിന്റെ മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നുമുള്ള വ്യക്തമായ ചിത്രം അപ്‌ലോഡ് ചെയ്യണം. ഫാസ്ടാഗ് ഒരു മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം.