ലഹോർ : പാക്കിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ രണ്ടം സെമിയിൽ ന്യൂസിലാൻ്റ് തീർത്ത റൺമല എത്തിപ്പിടിക്കാനാവാതെ തകർന്ന് വീണു ദക്ഷിണാഫ്രിക്ക. കെയ്ൻ വില്യംസന്റെയും ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയുടെയും സെഞ്ചറിക്കരുത്തിൽ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 312 റൺസിൽ അവസാനിച്ചു.
അവസാനം വരെ പിടിച്ച് നിന്ന് തകർത്തടിച്ചു കളിച്ച ഡേവിഡ് മില്ലറിനും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായില്ല. ഇന്നിങ്സിലെ അവസാന പന്തിൽ സെഞ്ചറി പൂർത്തിയാക്കി തിളങ്ങിയ മില്ലറിന് കൂട്ടാവാൻ ദക്ഷിണാഫ്രിക്കൻ നിരയിൽ മറ്റാർക്കും കഴിയാതെ പോയത് ടീമിന് ഫൈനലിലേക്കുള്ള വഴിയടയാൻ കാരണമായി. നാലു സിക്സും സഹിതമാണ് മില്ലർ 100 റൺസെടുത്തത്. കൈൽ ജെയ്മിസൻ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ ഡബിളെടുത്താണ് മില്ലർ സെഞ്ചറി പൂർത്തിയാക്കിയത്. റാസ്സിൻ വാഡർ ദസൻ 66 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 69 റൺസെടുത്തു ക്യാപ്റ്റൻ ടെംബ ബാവുമ 71 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്തും പുറത്തായി.
ഞായറാഴ്ച ദുബൈയിലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയാണ് ന്യൂസീലൻഡിന്റെ എതിരാളികൾ. സെമിയിൽ കരുത്തരായ ഓസീസിനെ നാലു വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്.
ഓപ്പണർ റയാൻ റിക്കിൾട്ടൻ (12 പന്തിൽ 17), എയ്ഡൻ മാർക്രം (29 പന്തിൽ 31), ഹെൻറിച് ക്ലാസൻ (ഏഴു പന്തിൽ മൂന്ന്), വിയാൻ മുൾഡർ (13 പന്തിൽ എട്ട്), മാർക്കോ യാൻസൻ (ഏഴു പന്തിൽ മൂന്ന്), കേശവ് മഹാരാജ് (നാലു പന്തിൽ ഒന്ന്), കഗീസോ റബാദ (22 പന്തിൽ 16) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ പ്രകടനം. കിവീസിനായി സാന്റ്നറിനു പുറമേ രണ്ടു വിക്കറ്റ് വീതം പിഴുത മാറ്റ് ഹെന്റി, ഗ്ലെൻ ഫിലിപ്സ്, ഓരോ വിക്കറ്റ് വീഴ്ത്തിയ മൈക്കൽ ബ്രേസ്വെൽ, രചിൻ രവീന്ദ്ര എന്നിവരും തിളങ്ങി.