പഹൽഗാം ഭീകരാക്രമണത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നിലവിൽ ശിക്ഷയനുഭവിച്ച് ജയിലിൽ കഴിയുന്ന രണ്ട് ഭീകരപ്രവർത്തകരെ ചോദ്യം ചെയ്ത് എൻഐഎ. 2023 ലെ രജൗരി, പുഞ്ച് ഭീകരാക്രമണ കേസിൽ ജയിലിൽ കഴിയുന്ന നിസാർ അഹമ്മദ്, മുഷ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്.
ജമ്മുവിലെ കോട്ട് ഭൽവാൽ ജയിലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ നേരെത്തെ രണ്ട് ആക്രമണങ്ങളിൽ പങ്കെടുത്തതായി സൂചന ലഭിച്ചതായാണ് വിവരം.
രണ്ട് ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ച് നിരത്തി നിർത്തിയെന്നും ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നുമാണ് മൊഴി. എൻ ഐഎ അന്വേഷണത്തില്‍ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻ ഐ എ.
പാക്കിസ്ഥാൻ ചാരസംഘടന ഐഎസ്ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻഐഎ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐഎസ്ഐ ഉദ്യോഗസ്ഥർ ആണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.