ചെന്നൈ ∙ സൂര്യാസ്തമയത്തിനു ശേഷം സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ നിർദ്ദേശപരമാണെന്നും
നിർബന്ധ സ്വഭാവമുള്ളതല്ലെന്നും മദ്രാസ് ഹൈക്കോടതി. ഉദ്യോഗസ്ഥർക്ക് ജാഗ്രത നൽകാനാണു നിയന്ത്രണങ്ങൾ. എന്നാൽ അവശ്യഘട്ടങ്ങളിൽ ഇവ ലംഘിച്ചു എന്നതുകൊണ്ടു മാത്രം അറസ്റ്റ് നിയമവിരുദ്ധമാകില്ല. നടപടിയെടുക്കേണ്ടതായി വന്ന പ്രത്യേക സാഹചര്യം പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുകയാണ് വേണ്ടത്.
കാരണങ്ങൾ വ്യക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമുണ്ട്. ഇത്തരം അറസ്റ്റുകൾ ആവശ്യമാകുന്ന ഘട്ടങ്ങൾ സംബന്ധിച്ച നിർവ്വചനവും മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തമാക്കാനും കോടതി പൊലീസിനു നിർദ്ദേശം നൽകി. വനിതയെ രാത്രി അറസ്റ്റ് ചെയ്തെന്ന കേസിൽ ഇൻസ്പെക്ടർ അനിത, ഹെഡ്കോൺസ്റ്റബിൾ കൃഷ്ണവേണി എന്നിവർക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന
വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.