നിപ: 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയില്‍ 406 പേർ

Date:

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ (ജൂലൈ 22) പുറത്തു വന്ന 11 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളുടെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട പാലക്കാട് സ്വദേശികളായ രണ്ടു പേരുടെയും തിരുവനന്തപുരത്തെ രണ്ടു പേരുടെയും പരിശോധനാ ഫലം ഇതില്‍ ഉള്‍പ്പെടും.

നിലവില്‍ 406 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 194 പേര്‍ ഹൈ റിസ്ക് കാറ്റഗറിയിലാണ്. ഹൈ റിസ്ക് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരില്‍ 139 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരാണ് വിവിധ ആശുപത്രികളിലായി അഡ്മിറ്റായി ചികിത്സ തേടുന്നത്. ഫലം നെഗറ്റീവാവുകയും പനി അടക്കമുള്ള ലക്ഷണങ്ങള്‍ സുഖപ്പെടുകയും ചെയ്തവരെ ഡിസ്ചാര്‍ജ് ചെയ്യും. ഇവര്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള ഐസൊലേഷനില്‍ തുടരണം.
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (ജൂലൈ 22) 6642 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 3702 വീടുകളും ആനക്കയത്ത് 2940 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 331 പനി കേസുകളും ആനക്കയത്ത് 108 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പാണ്ടിക്കാട്ടെ നാലു കേസുകള്‍ മാത്രമാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആകെ 7239 വീടുകളിലാണ് ആരോഗ്യ വകുപ്പ് സന്ദര്‍ശനം നടത്തിയത്. മരണപ്പെട്ട കുട്ടിയുടെ കുട്ടിയുടെ ക്ലാസ് പി.ടി.എ ചേര്‍ന്നിരുന്നു. കുട്ടികള്‍ക്ക് കൗണ്‍സലിങ് ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായത്തോടെ നല്‍കും. അധ്യാപകര്‍ക്കും സംശയ നിവാരണം നല്‍കും.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് (ജൂലൈ 22) ജില്ലയില്‍ എത്തിയിട്ടുണ്ട്. നിപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് ഇവര്‍ വൈറസിന്റെ ജീനോമിക് സര്‍വ്വേ നടത്തും. സാംപിള്‍ ശേഖരിച്ച് പഠനം നടത്തുന്നതിനായി ഭോപ്പാലില്‍ നിന്നുള്ള കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘവും ഇവിടെയെത്തും. വനം വകുപ്പിന്റെ സഹകരണത്തോടെ ഇവര്‍ വവ്വാലുകള്‍ക്കായി മാപ്പിങ് നടത്തും.
രോഗ പ്രതിരോധവുമായി ബന്ധപ്പെട്ട് എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് ചേര്‍ന്നിരുന്നു. നിപയെ ഒറ്റക്കെട്ടായി നേരിടാനുള്ള സഹകരണവും പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി നാളെ (ജൂലൈ 23) പ്രവര്‍ത്തനം തുടങ്ങും. ലബോറട്ടറി സ്ഥാപിക്കുന്നതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിദഗ്ധർ ജില്ലയിലെത്തി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സന്ദർശനം നടത്തിയിട്ടുണ്ട്. മൊബൈല്‍ ലബോറട്ടറി വരുന്നതോടെ കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
പ്ലസ്‍ വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റ് നിപ പ്രോട്ടോകോള്‍ പാലിച്ച് ഇന്ന് (ജൂലൈ 22) ജില്ലയില്‍ നടത്തി. ഇതേ നിയന്ത്രണങ്ങളോടെ അടുത്ത ദിവസവും അലോട്ട്മെന്റ് തുടരും. മാസ്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പോളിടെക്നിക് അലോട്ട്മെന്റും ഇപ്രകാരം നടത്തും.
വൈകീട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈനായും ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ജില്ലാ വികസന കമ്മീഷണര്‍ സച്ചിന്‍കുമാര്‍ യാദവ്, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപുര്‍വ തൃപാദി, അസി. കളക്ടര്‍ വി.എം ആര്യ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ ഓഫ്‌ലൈനായും പങ്കെടുത്തു.

Share post:

Popular

More like this
Related

അബുദാബിയിൽ ജങ്ക് ഫുഡ് നിരോധിച്ചു; സ്കൂളുകളിലും കാന്‍റീനുകളിലും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾനടപ്പാക്കുന്നു

വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്കൂളുകൾ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണം...

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി

പാക്കോട് : യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട്...

‘അച്ഛന് അസുഖം വന്നപ്പോൾ ഗോമൂത്രം കുടിപ്പിച്ചു, 15 മിനുട്ട് കൊണ്ട് പനിമാറി’ ; വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ

ചെന്നൈ: ഗോമൂത്രം കുടിച്ചാൽ രോഗങ്ങൾ മാറുമെന്ന അവകാശവാദവുമായി മദ്രാസ് ഐഐടി ഡയറക്ടർ...