തിരുവനന്തപുരം : ഫിലിം ചേംബർ പ്രഖ്യാപിച്ച പണിമുടക്ക് ഉപേക്ഷിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയിലാണ് ധാരണ. ആവശ്യങ്ങൾ പരിഗണിക്കാമെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഉറപ്പിലാണ് തീരുമാനം.
വിനോദ നികുതിയും, ജിഎസ്ടിയും ഒരുമിച്ച് കേരളത്തിൽ ഈടാക്കുന്നുണ്ട്. അതിൽ ഒന്ന് ഒഴിവാക്കി തരണം എന്നാണ് നിർമ്മാതാക്കളുടെ ഒരു ആവശ്യം. കേരളത്തിലും തമിഴ്നാട്ടിലും മാത്രമാണ് ഇത്തരത്തിൽ ഇരട്ട നികുതി എന്ന് നിർമ്മാതാക്കൾ മന്ത്രിയെ അറിയിച്ചു. ഇതിൽ ധനവകുപ്പുമായി സംസാരിക്കണമെന്ന് മന്ത്രി ഭാരവാഹികളെ അറിയിച്ചു.
വിനോദ നികുതിയുടെ ഒരു ഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് തദ്ദേശ വകുപ്പ് മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യണം. ഷൂട്ടിംഗ് അനുമതികളുമായി ബന്ധപ്പെട്ട് വനം വകുപ്പുമായി ചർച്ച നടത്തണം. അങ്ങനെ വിവിധ വകുപ്പുകളുമായി സംസാരിച്ച്, കാര്യങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ വിശദമായ മാർഗ്ഗരേഖ പുറത്തിറക്കാമെന്ന് മന്ത്രി ഉറപ്പു നൽകി.