ജാർഖണ്ഡ് : കോൺഗ്രസ് എംപിയും പാർലമെൻറ് പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ജാർഖണ്ഡിലെ ചൈബാസയിലെ എംപി-എംഎൽഎ കോടതി. ജൂൺ 26 ന് കോടതിയിൽ നേരിട്ട് ഹാജരാക്കാനാണ് ഉത്തരവ്. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന രാഹുലിൻ്റെ അഭിഭാഷകൻ്റെ അപേക്ഷ കോടതി തള്ളി. 2018 ലെ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി അന്നത്തെ ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷായ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പ്രതാപ് കത്യാർ ഫയൽ ചെയ്ത കേസ്.
കൊലപാതകക്കുറ്റം നേരിടുന്ന ഒരാൾക്ക് പോലും ബിജെപിയുടെ പ്രസിഡന്റാകാമെന്ന് രാഹുൽ ഗാന്ധി തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധിയുടെ പരാമർശം അപകീർത്തികരമാണെന്നും എല്ലാ ബിജെപി പ്രവർത്തകരെയും അപമാനിച്ചെന്നും ആരോപിച്ചാണ് കത്യാർ 2018 ജൂലൈ 9 ന് ചൈബാസയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സിജെഎം) കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന്, 2020 ഫെബ്രുവരിയിൽ മാനനഷ്ടക്കേസ് റാഞ്ചിയിലെ എംപി-എംഎൽഎ കോടതിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് കേസ് ചൈബാസയിലെ എംപി-എംഎൽഎ കോടതിയിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു.
കോടതി ആവർത്തിച്ച് സമൻസ് അയച്ചിട്ടും രാഹുൽ ഗാന്ധി ഹാജരായില്ല. തുടക്കത്തിൽ ജാമ്യം ലഭിക്കാവുന്ന വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. 2024 മാർച്ച് 20 ന് ഹർജി തീർപ്പാക്കി. പിന്നീട്, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഹര്‍ജി സമര്‍പ്പിച്ചു. അതും ചൈബാസ കോടതി തള്ളി.
ഇപ്പോള്‍, ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചുകൊണ്ടാണ് പ്രത്യേക കോടതി കര്‍ശനമായ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.