പെട്രോളിനെ ജി.എസ്.ടി പരിധിയിൽ കൊണ്ടു വരാൻ ഇപ്പോൾ സാദ്ധ്യമല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ, സംസ്ഥാനങ്ങളുടെ വരുമാനം തുടങ്ങിയ ഘടകങ്ങൾ കൂടി പരിഗണിക്കുമ്പോഴാണത് തടസ്സമാകുന്നത്. അതേ സമയം, രാജ്യാന്തര ഇന്ധന വില സ്ഥിരത കൈവരിച്ചാൽ രാജ്യത്തെ ഇന്ധന വില കുറയാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം സൂചന നൽകി. ആഭ്യന്തര ആവശ്യത്തിനുള്ള ഇന്ധനത്തിന്റെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി നടത്തുകയാണ് ചെയ്യുന്നത്.
നിലവിൽ ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 72-73 ഡോളർ നിലവാരത്തിലാണ്. ഈ റേഞ്ചിൽ വില തുടരുകയോ, ഈ നിലവാരത്തേക്കാൾ കുറയുകയോ ചെയ്താൽ റീടെയിൽ വില കുറയ്ക്കാനുള്ള സാഹചര്യമുണ്ടാകുമെന്ന് ടോപ് ആംഗിൾ പോഡ്കാസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. അതേ സമയം ക്രൂഡ് വില ബാരലിന് 80 ഡോളർ മറികടന്നാൽ ആശ്വസിക്കാനുള്ള നില ഉണ്ടാവില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
പെട്രോളിനെ ജി.എസ്.ടി പരിധിയിൽ കൊണ്ടു വന്നാൽ വില കുറയില്ലേ എന്ന ചോദ്യത്തിന് ഉടൻ അങ്ങനെ ചെയ്യുക സാദ്ധ്യമല്ലെന്ന മറുപടിയാണ് പുരി നൽകിയത്. നിലവിലെ സാഹചര്യം സങ്കീർണമാണ്. മികച്ച വരുമാനം പെട്രോളിലൂടെ ലഭിക്കുന്നതിനാൽ സംസ്ഥാനങ്ങൾ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെട്രോൾ വിലയിൽ പല ഘടകങ്ങളും സ്വാധീനം ചെലുത്തുന്നു. ആഗോള തലത്തിൽ ബാരലിന് വരുന്ന ചിലവ്, ഇൻഷുറൻസ്, ചരക്ക് നീക്കത്തിനുള്ള ചാർജ്ജ്, ഡോളർ വിനിമയ നിരക്ക് തുടങ്ങിയവയെല്ലാം ഇത്തരത്തിൽ പ്രധാനമാണ്. ആഗോള ഇന്ധന വില കുറഞ്ഞു നിൽക്കുന്നെങ്കിലും ഡോളർ വിനിമയ നിരക്ക്, ചരക്ക് നീക്കം-ഇൻഷുറൻസ് ചാർജ്ജുകൾ എന്നിവ ഉയർന്നു നിൽക്കുന്നു.
ഇത്തരം വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ മൂന്ന് വർഷങ്ങളായി പെട്രോൾ-ഡീസൽ വില കുറച്ചു കൊണ്ടു വന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അയൽ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളേക്കാൾ ഇവിടെ പെട്രോൾ വില കുറഞ്ഞു നിൽക്കുന്നതായും ഹർദീപ് സിങ് പുരി പറഞ്ഞു.