കോഴിക്കോട്: താരതമ്യേന കുറ്റകൃതൃങ്ങള്‍ കുറവുള്ള ജില്ലയാണ് മലപ്പുറമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറിച്ചൊരു അഭിപ്രായം എല്‍ഡിഎഫിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി ജയരാജന്‍ രചിച്ച ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പുസ്തകത്തിലെ എല്ലാ നിലപാടുകളും പാര്‍ട്ടി നിലപാടുകളല്ലെന്ന് പിണറായി വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിം ലീഗിനെയും മുഖ്യമന്ത്രി നിശിതമായി വിമർശിക്കുമ്പോഴും രണ്ടിനേയും ഒരേ കണ്ണോടെ കാണുന്നത് ശരിയല്ലെന്നും വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണ്. ലീഗ് ഒരു പരിഷ്‌കരണ സംഘടനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുസ്തകം പ്രകാശനം ചെയ്യുന്നത് കൊണ്ട് അതിലെ എല്ലാ കാര്യങ്ങളോടും യോജിക്കുന്നുവെന്ന് പറയാനാവില്ല. ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തല്‍ പുസ്തകത്തില്‍ ഉണ്ട്. അതിനെ അങ്ങനെ തന്നെ കാണണം. ഇടതുപക്ഷം ശക്തിപ്പെട്ടാലേ മതന്യൂനപക്ഷളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളുവെന്നും രാഷ്ട്രീയം മതനിരപേക്ഷമാവുകയുള്ളു എന്നുമാണ് പുസ്തകത്തിന്റെ പൊതുവായ വിലയിരുത്തല്‍. ഇത് ഏറെ പ്രസക്തമായ നിലപാടാണ്.
കേരളത്തിലെ ഇസ്ലാമിന്റെ തുടക്കം മുതലുള്ള ചരിത്രം അപഗ്രഥിച്ച് വിലയിരുത്തുകയാണ് ഈ പുസ്തകം. മലബാര്‍ കലാപം, മാപ്പിള ലഹളയല്ല സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിമോചന സമരമായിരുന്നെന്ന് പുസ്തകത്തിലുണ്ട്. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണോടെ കാണുന്നത് ശരിയല്ല. ഇസ്ലാമിക രാജ്യം സൃഷ്ടിക്കലാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം. മുസ്ലീം ലീഗ് ഒരു പരിഷ്‌കരണ സംഘടനയാണ്. ലോകത്ത് സാമ്രാജ്യത്വത്തിന്റെ ചട്ടുകമാകലാണ് ജമാഅത്തെ ഇസ്ലാമിയുടെ പണി. ലീഗിന് സാര്‍വദേശീയ ഭീകര ബന്ധമില്ല. എന്നാല്‍, വര്‍ഗീയ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നു.
ആര്‍എസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി. രണ്ട് കൂട്ടരുടെയും അജണ്ട പൊളിച്ചാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത്. ദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. ലീഗിന് ഈ നിലപാടില്ല. ഇസ്ലാമിക സാമ്രാജ്യം സൃഷ്ടിക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ ഭീകര സംഘടകളുമായി കൂട്ടുകൂടുന്നതാണ് ലീഗുണ്ടാക്കുന്ന വലിയ ആപത്ത്. ഭീകര സംഘടനകള്‍ക്ക് മാന്യത നല്‍കുന്നതാണിത്. ഇത് ലീഗ് അണികളെ ഭീകരവാദ സംഘടനകളിലേക്കെത്തിക്കും. ഇത് സംഘപരിവാറിനെ ശക്തിപ്പെടുത്തും. ഇത്തരക്കാരോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടത്’- മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഐ എസ് റിക്രൂട്ട്‌മെന്റ് സെന്ററാണ് എന്നത് സംഘപരിവാരത്തിന്റെ പ്രചരണമാണ്. അതിനെ എതിര്‍ക്കണം. പള്ളിക്ക് കാവല്‍ നിന്ന് രക്തസാക്ഷിത്വം വരിച്ച യു കെ കുഞ്ഞിരാമന്റെ പാര്‍ട്ടിയാണ് സിപിഎം. ആ പാര്‍ട്ടിയെ സംഘപരിവാര്‍ ബന്ധമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നു എന്ന് അഭിമാനത്തോടെ പറയുന്ന കെ സുധാകരന്റെ പാര്‍ട്ടിയുടെ കൂടെയാണ് ലീഗുള്ളത്.
മലപ്പുറം എന്ന് കേട്ടാല്‍ മുസ്ലീം സമുദായത്തിനെതിരേ പറഞ്ഞു എന്നാണ് ചിലര്‍ പറയുന്നത്. എല്‍ഡിഎഫ് ഭരണത്തില്‍ പൊലീസ് ഏറ്റവും കൂടുതല്‍ കേസെടുത്തത് മലപ്പുറത്താണ് എന്നാണ് ലീഗ് പറയുന്നത്. ഇത് തെറ്റാണ്. ലീഗാണ് മലപ്പുറത്തെ അപമാനിക്കുന്നത്. ജനസംഖ്യാനുപാതികമായി താരതമ്യേന ഏറ്റവും കുറവ് കുറ്റകൃത്യങ്ങളുള്ള ജില്ലകളില്‍ ഒന്നാണ് മലപ്പുറമെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.