തൃശൂർ: മാധ്യമപ്രവർത്തകർക്കെതിരെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ്ഗ തടസ്സം സൃഷ്ടിച്ചെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി.
അതേസമയം, മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും അന്വേഷണം നടത്തും. പരാതിയിൽ തൃശൂർ എസിപി, അനിൽ അക്കരയുടെ മൊഴി ഇന്ന് രാവിലെ 11 മണിക്ക് രേഖപ്പെടുത്തും.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തൃശ്ശൂർ രാമനിലയത്തിൽ വെച്ച് തൃശ്ശൂരിലെ മാധ്യമ പ്രവർത്തകരോട് അപമാനകരമായ രീതിയിൽ സംസാരിക്കുകയും, അവരെ കയ്യേറ്റം ചെയ്യുകയും ചെയ്തത് ബിഎൻഎസ് അനുസരിച്ചും പൊലീസ് ആക്ട് അനുസരിച്ചും കുറ്റകരമാണെന്ന് ഇന്നലെ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ അനിൽ പറഞ്ഞിരുന്നു. മാത്രമല്ല ഭരണഘടന അനുസരിച്ച് സത്യപതിജ്ഞ ചെയ്ത വ്യക്തി സർക്കാർ ഉടമസ്ഥതയിലുള്ള രാമനിലയത്തിൽവെച്ച് കയ്യേറ്റം ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.
ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈംഗികാരോപണം നേരിടുന്ന നടൻ മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ഗോപി, വീണ്ടും വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.
മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമപ്രവർത്തകനെ തള്ളിമാറ്റുകയായിരുന്നു. ‘എന്റെ വഴി എന്റെ അവകാശമാണ്’ എന്ന് പറഞ്ഞായിരുന്നു സുരേഷ് ഗോപി രൂക്ഷമായി പെരുമാറിയത്. അതേദിവസം രാവിലെ വിവാദങ്ങൾ മാധ്യമങ്ങളുടെ തീറ്റയാണെന്നും നിങ്ങളാണോ കോടതി എന്നുമൊക്കെ പറഞ്ഞ് സുരേഷ് ഗോപി ക്ഷുഭിതനായിരുന്നു.