ന്യൂഡൽഹി : ഇന്ത്യൻ സംയുക്തസേന ബുധനാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം മെയ് 10 ന് പുലർച്ചെ വരെ അടച്ചിടൽ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്.
“വ്യോമമേഖലാ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സർക്കാർ വിജ്ഞാപനം കാരണം, ഒന്നിലധികം വിമാനത്താവളങ്ങളിൽ നിന്നുള്ള 165-ലധികം ഇൻഡിഗോ വിമാനങ്ങൾ (അമൃത്സർ,ബിക്കാനീർ,ചണ്ഡീഗഢ്, ധർമ്മശാല, ഗ്വാളിയോർ, ജമ്മു, ജോധ്പൂർ, കിഷൻഗഡ്, ലേ,രാജ്കോട്ട്, ശ്രീനഗർ) എന്നിവയിലേക്കുള്ള വിമാന സർവ്വീസുകൾ 2025 മെയ് 10, രാവിലെ 5:29 വരെ റദ്ദാക്കിയിരിക്കുന്നു,” ഇൻഡിഗോ എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.
റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്ക് അടുത്ത ലഭ്യമായ വിമാനത്തിൽ ബുക്കിംഗ് പുന:ക്രമീകരിക്കുകയോ അധിക ചെലവില്ലാതെ ബുക്കിംഗ് റദ്ദാക്കുകയോ ചെയ്യാമെന്നും മുഴുവൻ ടിക്കറ്റും റീഫണ്ട് ചെയ്യുമെന്നും എയർലൈൻ അറിയിച്ചു. രാജ്യത്തെ വടക്കും പടിഞ്ഞാറും മേഖലയിലെ 16
വിമാനത്താവളങ്ങളാണ് അടച്ചത്. ലേ, തോയിസ്, ശ്രീനഗർ, ജമ്മു, അമൃത്സർ, പത്താൻകോട്ട്, ചണ്ഡിഗഡ്, ജോധ്പൂർ, ജയ്‌സാൽമേർ, ജാംനഗർ, ഭട്ടിൻഡ, ഭുജ്,ധരംശാല, ഷിംല, രാജ്കോട്ട്, പോർബന്തർ വിമാനത്താവളങ്ങൾ അടച്ചവയിൽ പെടുന്നു.
യാത്രക്കാർ വിമാന കമ്പനികളുടെ വെബ്സൈറ്റ് നിർദ്ദേശങ്ങൾ പരിശോധിക്കണമെന്ന മുന്നറിയിപ്പുണ്ട്.