[ Photo Courtesy : X]
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ നാളെ സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രതിരോധ സേനകളെ അഭിനന്ദിച്ച പ്രധാനമന്ത്രി ഇത് അഭിമാന നിമിഷമെന്ന് പ്രസ്താവിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തെ യോഗത്തിൽ മന്ത്രിമാർ അഭിനന്ദിച്ചു.
പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ഓപ്പറേഷനു ശേഷം കശ്മീർ അതിർത്തിയിൽ ഇന്ത്യാ-പാക് സേനകൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഒരു സ്ത്രീയും കുട്ടിയുമടക്കം പൂഞ്ചിൽ 10 പേർ കൊല്ലപ്പെട്ടു. ഉറിയിൽ രണ്ട് വീടുകൾക്ക് തീപിടിച്ചു. പാക്കിസ്ഥാൻ്റെ ഷെല്ലാക്രമണത്തിൽ 44 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ മൂന്ന് പാക്കിസ്ഥാൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, അതിർത്തി സംസ്ഥാനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനും നേപ്പാളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ യോഗം ചേരും. മുഖ്യമന്ത്രിമാരുമായി ഓൺലൈനിൽ സംസാരിക്കും. ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകി.