തെരഞ്ഞെടുപ്പുചട്ടം ഭേദഗതിക്കെതിരേ പ്രതിപക്ഷപാർട്ടികൾ ; തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കാനുള്ള മോദിസർക്കാരിന്റെ ഗൂഢാലോചനയെന്ന്  മല്ലികാർജുൻ ഖാർഗെ

Date:

ന്യൂഡൽഹി: സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനുള്ള അനുമതി ഇല്ലാതാക്കുംവിധം തെരഞ്ഞെടുപ്പുചട്ടം ഭേദഗതി ചെയ്തതിനെതിരെ പ്രതിപക്ഷ പാർട്ടികൾ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത തകർക്കാനുള്ള മോദിസർക്കാരിന്റെ വ്യവസ്ഥാപിത ഗൂഢാലോചനയാണിതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഷ്ട്രീയപ്പാർട്ടികളോട് ആലോചിക്കാതെയുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

സി.സി ടി.വി. ക്യാമറാ ദൃശ്യങ്ങൾ, വെബ്കാസ്റ്റിങ് ഫുട്ടേജ്, വീഡിയോ റെക്കോഡിങ് തുടങ്ങി സ്ഥാനാർത്ഥികളുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് രേഖകൾ പൊതുജനങ്ങൾക്ക് പരിശോധിക്കാനുള്ള അനുമതിയാണ് ഭേദഗതിയിലൂടെ ഇല്ലാതാവുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശപ്രകാരം കേന്ദ്ര നിയമമന്ത്രാലയമാണ് 1961-ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്.

തെരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ മറ്റൊരു നടപടിയാണിതെന്ന് ഖാർഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാനുള്ള സമിതിയിൽ നിന്ന് നേരത്തേ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി. ഇപ്പോൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ തടയാനാണ് ശ്രമിക്കുന്നതെന്നും ഖാർഗെ ‘എക്സി’ൽ കുറിച്ചു.

കേന്ദ്രനടപടിയെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. സർക്കാരനുകൂല സമീപനമാണ് തിരഞ്ഞെടുപ്പു കമ്മിഷൻ സ്വീകരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലും പറഞ്ഞു.

കൂടുതൽ സുതാര്യതയ്ക്കുവേണ്ടി മുൻപ് തെരഞ്ഞെടുപ്പു കമ്മിഷൻ തന്നെ നടപ്പാക്കിയ കാര്യങ്ങളാണ് ഭേദഗതിയിലൂടെ ഇല്ലാതാക്കുന്നതെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ പത്രക്കുറിപ്പിൽ പറഞ്ഞു. പുതിയ ചട്ടം തയ്യാറാക്കുമ്പോൾ കേന്ദ്രസർക്കാർ തെരഞ്ഞെടുപ്പു കമ്മിഷനുമായി ആലോചിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, രാഷ്ട്രിയപ്പാർട്ടികളുമായി കമ്മിഷൻ ആലോചിച്ചിട്ടില്ല. ഇത്തരം നടപടികളിൽ പാർട്ടികളുടെ പങ്കാളിത്തം പൂർണമായി ഇല്ലാതാക്കിയെന്നും അതിനാൽ തീരുമാനം പിൻവലിക്കണമെന്നും സി.പി.എം. ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന; യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കി

ബീജിംഗ്: വ്യാപാര യുദ്ധത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി നൽകി ചൈന. യുഎസ് ഉൽപ്പന്നങ്ങൾക്ക്...

മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകം; തെളിവെടുപ്പ് വേളയിൽ ക്രൂരതയുടെ ചിത്രം വെളിപ്പെടുത്തി പ്രതി

തൃശ്ശൂർ :  മാള കുഴൂരിൽ ആറു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതി കുഴൂർ...