[ Photo Courtesy : X ]
ശ്രീനഗർ : ആലിപ്പഴ വർഷത്തിനൊപ്പം ആകാശച്ചുഴിയിലും പെട്ട് പരിക്കേറ്റ ഇൻഡിഗോ വിമാനം ശ്രനഗറിൽ അടിയന്തര ലാൻ്റിംഗ് നടത്താനായി പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ അനുമതി തേടിയ പൈലറ്റിൻ്റെ rഅഭ്യർത്ഥന തള്ളി പാക്കിസ്ഥാൻ. ബുധനാഴ്ച ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് പറന്ന ഇൻഡിഗോയുടെ 6E 2142 വിമാനമാണ് ഇത്തരമൊരു അപകടാവസ്ഥ തരണം ചെയ്ത് സുരക്ഷിത ലാൻഡിങ് നടത്തിയത്.
‘
മോശം കാലാവസ്ഥയിൽ നിന്ന് രക്ഷപ്പെടാനാണ് പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ പൈലറ്റ് ലാഹോർ എടിസിയുമായി ബന്ധപ്പെട്ടത്. പക്ഷേ ലാഹോർ എടിസി അഭ്യർത്ഥന നിരസിച്ചു. ഇതുമൂലം വിമാനത്തിന് അതേ റൂട്ടിൽ തന്നെ പറക്കേണ്ടതായി വന്നു.

227 യാത്രക്കാരുമായി പറന്ന വിമാനം ആകാശച്ചുഴിയിൽ പെട്ട് ആടിയുലയുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി ഉച്ചത്തിൽ നിലവിളിച്ചു. ഇത്തരം ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, യാത്രക്കാർക്ക് ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സമചിത്തത കൈവിടാതെ വിമാനം ഒടുവിൽ ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ പൈലറ്റിനായി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
6E 2142 വിമാനത്തിന് യാത്രാമധ്യേ പെട്ടെന്ന് ആലിപ്പഴ വർഷവും മോശം കാലാവസ്ഥയും നേരിട്ടതായി ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ നിശ്ചിത മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ജീവനക്കാർ പ്രവർത്തിച്ചു, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരുടെ ക്ഷേമത്തിനും സുഖസൗകര്യങ്ങൾക്കും വിമാനത്താവള സംഘം മുൻഗണന നൽകിയതായും പ്രസ്താവനയിൽ തുടർന്ന് പറയുന്നു.