ന്യൂഡൽഹി : സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാക്കിസ്ഥാൻ. സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാക്കിസ്ഥാൻ കത്തിൽ സൂചിപ്പിക്കുന്നു. ജലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.
പാക്കിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാർ മരവിപ്പിച്ചത് ഇന്ത്യ പിൻവലിക്കില്ലെന്ന് അറിയിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ കരാർ മരവിപ്പിക്കൽ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.
സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാക്കിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചു വരുന്നത്. നടപടി ഇന്ത്യ തുടരുകയാണെങ്കിൽ പാക്കിസ്ഥാന്‍ കടുത്ത ജലക്ഷാമം നേരിടും.
പാക്കിസ്ഥാനിലെ പ്രധാന കാർഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. വെള്ളം ലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും സാമ്പത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷമായ പാക്കിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി തുലാസിലാവുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.