ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു. പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാർ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.. പൂഞ്ചിലും കുപ്‍വാരയിലുമായി 15 ഇന്ത്യക്കാർ പാക് ആക്രണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ രണ്ട് സ്കൂൾ കുട്ടികളുമുണ്ട്. കശ്‍മീരികളാണ് മരിച്ചവരെല്ലാം. 43 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ജനങ്ങൾ ഭീതിയിലായതിനാൽ പ്രദേശം വിട്ട് പലായനം ചെയ്യുകയാണ്.
പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ കശ്‌മീരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിൽ കൺട്രോൾ റൂമുകൾ തുറന്നു. 10 ജില്ലകളിൽ ആണ് കൺട്രോൾ റൂമുകൾ തുറന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയെന്നോണം ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭവല്‍പൂര്‍, മുറിട്കേ, സിലാല്‍കോട്ട്, കോട്ലി, ഭിംബീര്‍, ടെഹ്റകലാന്‍, മുസഫറബാദ് എന്നിവടങ്ങളിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങൾ ബുധനാഴ്ച പുലർച്ചെ ഇന്ത്യ തകർത്തിരുന്നു. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്‍റെ കുടുംബത്തിലെ 14 പേരടക്കം 32 പേർ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.