ന്യൂഡൽഹി : പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണമെന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദ്ദേശം നൽകി അമിത് ഷാ. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമുണ്ട്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനികൾ ഇന്ത്യ വിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന അറിയിപ്പിന് പിന്നാലെയാണ് അമിത് ഷായുടെ സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം.
ഇന്ത്യാ ഗവർമെൻ്റിൻ്റെ നിർദ്ദേശത്തെ തുടർന്ന് പാക് പൗരന്മാർ രാജ്യത്തുനിന്ന് പാലായനം ചെയ്യാൻ ആരംഭിച്ചു. പഞ്ചാബിൽ താമസിക്കുന്ന പാക്കിസ്ഥാനികൾ അമൃത്സറിലെ വാഗ- അട്ടാരി അതിർത്തിയിലേക്ക് എത്തിത്തുടങ്ങി. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച കടുത്ത തീരുമാനങ്ങളിൽ ഒന്നായിരുന്നു പാക്കിസ്ഥാനികൾ ഇന്ത്യ വിടുക എന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിൽ നിന്ന് പാലായനം ചെയ്യണമെന്ന് കേന്ദ്രം പാക് പൗരന്മാരോട് നിർദേശിച്ചിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ഏക വ്യാപാര പാതയായിരുന്നു വാഗാ അതിർത്തി. ഇതും പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുകയാണ്.
ഉത്തർപ്രദേശിലെ വിവിധ നഗരങ്ങളിൽ താമസിക്കുന്ന പാക്കിസ്ഥാനികളെ തിരികെ അയയ്‌ക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് യോഗി സർക്കാർ. യുപിയിൽ താമസിക്കുന്ന പാക്കിസ്ഥാൻ പൗരന്മാരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിൽ യോഗം ചേർന്നിരുന്നു.