കൊല്ലം : പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്നും മദ്യപിക്കുന്നവർ ഉണ്ടെങ്കിൽ അവരെ പുറത്താക്കുമെന്നും
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ലഹരി ഉപയോഗത്തെ എതിർത്തു പരാജയപ്പെടുത്താനുള്ള ഫലപ്രദമായ ഇടപെടൽ ഉണ്ടാകണമെന്നും എല്ലാ വർഗ ബഹുജന സംഘടനകളിലും പാർട്ടിയിലും അതുണ്ടാകണമെന്നും സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊല്ലത്തെത്തിയ ഗോവിന്ദൻ പറഞ്ഞു. ജീവിതത്തിൽ ഇന്നേവരെ ഒരു തുള്ളി കഴിച്ചിട്ടില്ലെന്നു പറയാൻ കഴിയുന്ന ‘ആളുകളുണ്ട്. ആ ഷാപ്പിൽ കണ്ടു, ഈ ഷാപ്പിൽ കണ്ടു എന്ന് ഞങ്ങളെക്കുറിച്ച് ആരും പറയാറില്ല. മദ്യപിക്കില്ല, പുകവലിക്കില്ല എന്ന ദാർശനികമായ ധാരണയിൽനിന്ന് വന്നവരാണ് ഞങ്ങളെല്ലാമെന്ന് അഭിമാനത്തോടെ പറയുന്നു. മദ്യപാനം ഉൾപ്പെടെയുള്ള വിപത്തിനെ അതിശക്തമായി എതിർക്കുമെന്നും സംഘടനാപരമായി നടപടി സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
75 വയസ്സ് എന്ന പ്രായപരിധി കർശനമായി പാലിച്ചാകും സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുക. സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ല. മുഖ്യമന്ത്രിയ്ക്കുള്ള ഇളവ് ഇപ്പോൾ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആകെയുള്ള പ്രതിനിധികളിൽ 75 പേർ വനിതകളാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിലെത്തും. സർക്കാർ തുടരാനുള്ള ശ്രമങ്ങൾ സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യും. കേരളത്തിൽ പാർട്ടിയുടെ ജനകീയ അടിത്തറ 50
ശതമാനത്തിലെത്തിക്കാനാണ് ശ്രമമെന്നും ഗോവിന്ദൻ പറഞ്ഞു.
കേരളത്തെ സ്ത്രീ സൗഹൃദ നാടാക്കി മാറ്റാനുള്ള ചര്‍ച്ചകളുണ്ടാകും. കഴിഞ്ഞ സമ്മേളനത്തിൽ ചർച്ച ചെയ്ത രേഖയുടെ തുടർച്ചയായിട്ടാകും പുതിയ രേഖ അവതരിപ്പിക്കുക. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്നത് യുഡിഎഫാണെന്നും ബിജെപി, എസ്ഡിപിഐ തുടങ്ങിയ കക്ഷികളുമായാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെ ചങ്ങാത്തമെന്നും ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റിൽ എസ്ഡിപിഐ ജയിച്ചത് അതിനുള്ള തെളിവാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി ജയിച്ചത് കോൺഗ്രസിന്റെ സംഭാവനയാണെന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യത്തിലൂന്നിയുള്ള ഫാഷിസ്റ്റുകളാണ് അധികാരത്തിലുള്ളത്. അധികാരം പിടിച്ചെടുത്ത ശേഷം ഭരണഘടനയെ മാറ്റി എഴുതാനുള്ള ശ്രമം അവർ നടത്തും. അതു തടയാനാണ് ദേശീയ തലത്തിൽ ഐക്യം രൂപീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു വർഷത്തിനിടെ പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ 37517 പേരുടെ വർദ്ധനയുണ്ടായെന്ന് ഗോവിന്ദൻ. കഴിഞ്ഞ സമ്മേളനം നടന്ന 2021ൽ പാർട്ടി അംഗങ്ങളുടെ എണ്ണം 5,27,678 ആയിരുന്നു, 2024ൽ 5,64,895 പേരായി. സംസ്ഥാനത്ത് നിലവിൽ 38426 ബ്രാഞ്ചുകളുണ്ട്. മൂന്നു വർഷത്തിൽ 3247 ബ്രാഞ്ചുകളാണ് വർദ്ധിച്ചത്. നിലവിൽ 2597 ബ്രാഞ്ചുകളുടെ സെക്രട്ടറിമാർ വനിതകളാണ്. 2021ൽ വനിത ബ്രാഞ്ച് സെക്രട്ടറിമാരുടെ എണ്ണം 1991 ആയിരുന്നു. 171 ലോക്കല്‍ കമ്മിറ്റികള്‍ കൂടി മൂന്നു വർഷത്തിനിടെ ചേർത്തു. 2,444 ലോക്കൽ കമ്മിറ്റികളാണ് ഇപ്പോഴുള്ളത്. 40 ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിമാർ
വനിതകളാണ്. കൂടാതെ, 3 ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിമാരും വനിതകളാണ്.
മാർച്ച് 6 മാർച്ച് 6നാണ് സിപിഎം സംസ്ഥാന സമ്മേളനം. രാവിലെ 10ന് ടൗൺ ഹാളിൽ നടക്കുന്ന സംസ്ഥാന സമ്മേളനം പൊളിറ്റ്ബ്യൂറോ കോ–ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. 530 പ്രതിനിധികൾ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളുടെ നിരീക്ഷകരുമായി 44 പേരും പങ്കെടുക്കും.