കൊച്ചി: റോഡ് തടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ ക്ഷമാപണവുമായി ഡി.ജി.പി. കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതി.
ഡിവിഷന്‍ ബെഞ്ചിന് മുൻപാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാന പോലീസ് മേധാവി നിരുപാധികം മാപ്പപേക്ഷിച്ചത്. പുറമെ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കിരണ്‍ നാരായണനും സത്യവാങ്മൂലത്തിലൂടെ ക്ഷമാപണം നടത്തിയിട്ടുണ്ട്.
വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ പറഞ്ഞു.
കേസില്‍ ഹാജരാകുന്നതില ൽ ഇളവ് തേടി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കോടതിയെ സമീപിച്ചു. കോടതിയലക്ഷ്യ നടപടിയില്‍ ഫെബ്രുവരി 10-ന് നേരിട്ട് ഹാജരാകണമെന്നായിരുന്നു എം.വി. ഗോവിന്ദന് കോടതി നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍, അന്നേദിവസം തൃശ്ശൂരില്‍ പാര്‍ട്ടി സമ്മേളനമുള്ളതിനാല്‍ ഹാജരാകുന്നത് മറ്റൊരു തീയതിയിലേക്ക് മാറ്റിതരണമെന്നാണ് പാര്‍ട്ടി സെക്രട്ടറി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് തടസപ്പെടുത്തി സി.പി.എം. സമ്മേളന വേദി നിര്‍മ്മിച്ച സംഭവത്തിലുള്‍പ്പെടെയാണ് ഹൈക്കോടതി കോടതിയലക്ഷ്യത്തിന് കേസെടുത്തിരുന്നത്. വഴി തടസപ്പെടുത്തി പാര്‍ട്ടിക്കാര്‍ പരിപാടി നടത്തിയതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിക്കുകയുംചെയ്തിരുന്നു.