ഇടുക്കി : ഇടുക്കിയിലെ വിനോദ കേന്ദ്രമായ പരുന്തുംപാറയിലെ കയ്യേറ്റം സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. ഇടുക്കിയിലെ കയ്യേറ്റങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഐ.ജി കെ സേതുരാമൻ, ഇടുക്കി മുൻ കളക്ടർ എച്ച് ദിനേശൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഉദ്യോസ്ഥർക്ക് നിർദ്ദേശം നൽകിയത്.
ഇടുക്കിയിലെ പരുന്തുംപാറയിലുള്ള സർക്കാർ ഭൂമിയിൽ 110 ഏക്കറോളം കയ്യേറിയെന്ന് റവന്യൂ വകുപ്പിൻ്റെ പ്രാഥമിക പരിശോധനയിൽ കണ്ടത്തിയിരുന്നു. എന്നാൽ കയ്യേറ്റക്കാർക്കെതിരെ എൽ.സി കേസ് എടുക്കുന്നതടക്കമുളള നടപടികളിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി. തുടർന്ന് സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം രൂപീകരിച്ച ഐ.ജി കെ സേതുരാമൻ്റെയും മുൻ ഇടുക്കി ജില്ല കളക്ടർ എച്ച് ദിനേശൻ്റെയും നേതൃത്വത്തിലുള്ള ഘം നിജസ്ഥിതി അന്വേഷിച്ചത്.
സംഘത്തിലെ റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. രണ്ടു വില്ലേജുകളിലായി അനുവദിച്ചിട്ടുള്ള പട്ടയങ്ങളുടെ ഫയലുകൾ പരിശോധിച്ചപ്പോൾ ചിലതിൽ മറ്റൊരു ഭാഗത്തെ സർവ്വേ നമ്പരും വനഭൂമിയുടെ നമ്പറും രേഖപ്പെടുത്തിയതായി സംശയമുയർന്നു രണ്ടു വില്ലേജുകളിലും നടത്തിയ ഡിജിറ്റൽ സർവ്വേയുടെ വിശദാംശങ്ങൾ ശേഖരിച്ച് ഇതിൽ നിന്നും നഷ്ടപ്പെട്ട ഭൂമിയുടെ അളവും കയ്യേറിയ ആളുകളെയും കണ്ടെത്താനാണ് ശ്രമം..
വാഗമണ്ണിലെ രണ്ട് വൻകിട കയ്യേറ്റവും വ്യാജ പട്ടയവിഷയവും ഇതോടൊപ്പം അന്വേഷണം പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. കൊന്നത്തടി വില്ലേജിലെ കയ്യേറ്റം സംബന്ധിച്ച് സംഘം വിവരം ശേഖരിച്ചു കഴിഞ്ഞു. ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള എച്ച് ദിനേശൻ തിരിച്ചെത്തിയാലുടൻ നേരിട്ട് സ്ഥലത്ത് പരിശോധന നടത്തും. മൂന്ന് സ്ഥലത്തെയും അന്വേഷണം പൂർത്തിയാക്കി അടുത്ത മാസം 20 ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉദ്ദേശം.