( ചിത്രം – ആനിമൽ ക്വാറൻ്റൈൻ & സർട്ടിഫിക്കേഷൻ സർവ്വീസ് സെന്റർ സൗകര്യം ഉപയോഗപ്പെടുത്തി ആദ്യമായി കൊച്ചിയിൽ നിന്ന് ദുബായിയിലേക്ക് പറന്ന ല്യൂക്ക എന്ന പട്ടിക്കുട്ടി )
കൊച്ചി: രാജ്യത്തെ ഏഴാമത്തെ അനിമൽ ക്വോറന്റൈൻ കേന്ദ്രം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്നു. ഇതോടെ വളർത്തുമൃഗങ്ങളെ കേരളത്തിൽ നിന്ന് വിദേശത്തേക്ക് കൊണ്ടുപോകാനും, കേരളത്തിലേക്ക് കൊണ്ടുവരാനും. കൊച്ചി വിമാനത്താവളം സജ്ജമായി
വളർത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ നാട്ടിലേക്കു കൊണ്ടുവരാൻ പ്രയോജനപ്പെടുന്ന ആനിമൽ ക്വാറൻ്റൈൻ & സർട്ടിഫിക്കേഷൻ സർവ്വീസ് സെന്റർ, കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് സഹ മന്ത്രി ജോർജ് കുര്യൻ കൊച്ചി ഇൻ്റർനാഷണൽ എയർപോർട്ടിൽ ഉദ്ഘാടനം ചെയ്തു. ഇത് വിദേശത്തു നിന്നു വരുന്ന മൃഗസ്നേഹികൾക്കു വളരെ സൗകര്യമാകും. കഴിഞ്ഞ ജൂൺ മാസം മുതൽക്കു തന്നെ ഈ സംവിധാനം പ്രവർത്തനം തുടങ്ങിയിരുന്നു. ജൂണിൽ ല്യൂക്ക എന്ന പട്ടിക്കുട്ടിയാണ് ഇത്തരത്തിൽ ആദ്യമായി കൊച്ചിയിൽ നിന്ന് ദുബായിയിലേക്ക് പറന്നത്.
ഇത്രയും കാലം വിദേശത്തുനിന്നുള്ള വളർത്തുമൃഗങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയർ പോർട്ടുകളിലെ ആനിമൽ ക്വാറൻ്റൈൻ, സർട്ടിഫിക്കേഷൻ സർവ്വീസ് സ്റ്റേഷൻ വഴി മാത്രമേ കൊണ്ടുവരാൻ അനുമതിയുണ്ടായിരുന്നുള്ളൂ.
ആ ശ്രേണിയിലേക്കാണ് ഇപ്പോൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ പേര് കൂടി എഴുതിച്ചേർത്തത്.
ഇതുസംബന്ധിച്ചു നേരെത്തെ അനിമൽ ഹസ്ബൻഡറി ആൻഡ് ഡയറി ഡിപ്പാർട്ട്മെൻ്റ് അഡീഷണൽ സെക്രട്ടറി ശ്രീമതി വർഷ ജോഷി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടുമായി കരാർ ഒപ്പുവച്ചു. ഈ തീരുമാനത്തോടുകൂടി യാത്രക്കാരുടെ ദീർഘകാല ആവശ്യം പൂർത്തീകരിച്ചതായി കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ ശ്രീ. എസ്. സുഹാസ് പറഞ്ഞു.
കന്നുകാലികളിലൂടെയും അവയുടെ ഉത്പന്നങ്ങളിലൂടെയും രാജ്യത്തു വന്നേക്കാവുന്ന രോഗവ്യാപ്തി തടയുന്നതിനുവേണ്ടി 1898-ലെ ലൈവ്-സ്റ്റോക്ക് ഇറക്കുമതി നിയമം, 2001 ലെ ഭേദഗതി നിയമം എന്നിവ പ്രകാരം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപാദന മന്ത്രാലയമാണ് അവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നത്