മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് പിവി അൻവര്‍ എംഎല്‍എ. മൂക്കിന് താഴെ നടക്കുന്ന ക്രമക്കേട് പോലും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രിക്ക് അര്‍ഹതയില്ലെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരായ ആരോപണവും മുഖ്യമന്ത്രിക്കെതിരെ പിവി അൻവര്‍ ഉന്നയിച്ചു. മരുമകന് വേണ്ടിയാകും മുഖ്യമന്ത്രിയുടെ സംരക്ഷണമെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ദേശിച്ച് പിവി അൻവര്‍ പറഞ്ഞു. ഒരാള്‍ക്ക് വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ക്കുകയാണ്.
സ്വര്‍ണത്തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതിനാല്‍ തന്നെ ആഭ്യന്തര വകുപ്പ് സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും പിവി അൻവര്‍ തുറന്നടിച്ചു .കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പൊലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിപിഎമ്മിനോട് ചര്‍ച്ച ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യമായി. പാര്‍ട്ടി സഖാക്കള്‍ മിണ്ടാൻ പാടില്ല എന്നാണ് ലൈൻ. പാര്‍ട്ടി, പാര്‍ട്ടി എന്ന് പറഞ്ഞ് ഒന്നും മിണ്ടാൻ പ്രവര്‍ത്തകരെ സമ്മതിക്കില്ല.പി ശശിയെക്കുറിച്ച് നല്ല വാക്ക് പറയാൻ പിണറായി വിജയന് മാത്രമെ കഴിയു. ഈ നിലയിലാണ് പോക്ക് എങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി.
കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും പിവി അൻവര്‍ ആരോപിച്ചു
അങ്കിൾ എന്നാണ് അജിത് കുമാർ മുഖ്യമന്ത്രിയെ വിളിക്കുന്നത്. എങ്ങനെ ഇവര്‍ തമ്മില്‍ ഈ ബന്ധമുണ്ടായെന്നും പിവി അൻവര്‍ എംഎല്‍എ ചോദിച്ചു.ഉന്നത നേതാക്കള്‍ക്ക് എന്ത് അഴിമതിയും നടത്താം. പിണറായിയെ നയിക്കുന്നത് ഉപജാപ സംഘങ്ങള്‍. ഒരു റിയാസിന് വേണ്ടി മാത്രമല്ല ഈ പാര്‍ട്ടി. റിയാസിനേയും കൂടെയുള്ളവരേയും താങ്ങി നിർത്താനുള്ളതല്ല പാർട്ടി. ഒരാൾക്ക് വേണ്ടി പാർട്ടി സംവിധാനം തകർക്കുകയാണ്. പി ശശി കാട്ടുക്കള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് ഞാൻ നിശ്ചയിച്ചു.
ഗോവിന്ദൻ മാഷ്ക്ക് പോലും നിവൃത്തി കേടാണ്. സിപിഎം പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടുകയാണ്. രാഷ്ട്രീയ നേതൃത്വം എല്ലാം കേരളത്തിൽ ഒറ്റക്കെട്ടാണെന്ന് അൻവര്‍ പറഞ്ഞു.. അതാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം നേരിടുന്ന ഭീഷണി. എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിന്‍റെ സംഭാവന പൊതുപ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടു. മുഖ്യമന്ത്രി പൊതുപ്രവര്‍ത്തകര്‍ക്ക് കൂച്ചുവിലങ്ങിട്ടു. ഉദ്യോഗസ്ഥ മേധാവിത്വം ആണ് സര്‍ക്കാര്‍ സംഭാവന.