ഒമാൻ : ഒമാനിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിക്ക് നിരോധനം വരുന്നു. സെപ്തംബർ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് വാണിജ്യ- വ്യവസായ മന്ത്രാലയം അറിയിച്ചു. നിയമം ലംഘിച്ച് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്താൽ ആദ്യം ആയിരം റിയാലും തെറ്റ് ആവർത്തിത്താൽ ഇരട്ടി തുകയും പിഴ ലഭിക്കും.
2027 ജൂലൈ മാസത്തോടെ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ ഇല്ലാത്ത രാജ്യമായി ഒമാനെ മാറ്റുകയാണ് ലക്‌ഷ്യം. ഇതിന്റെ ഭാഗമായി ഈ മാസം ഒന്ന് മുതൽ ഫാർമസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ മേഖലകളിലേക്ക് നിരോധനം നീട്ടുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ലാതാക്കുകയും മലിനീകരണത്തിൽ നിന്നും പ്രകൃതിയെ സംരക്ഷിക്കുകയുമാണ് ലക്ഷ്യമെന്ന് ഒമാൻ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ‘പ്ലാസ്റ്റിക് ഫ്രീ ഒമാൻ’ എന്ന ലക്ഷ്യത്തിലേക്കെത്തനാണ് ഘട്ടം ഘട്ടമായുള്ള പ്ലാസ്റ്റിക് ബാഗ് നിരോധനം. വാണിജ്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെല്ലാം ഉത്തരവ് ബാധകമാണ്. നിയമ ലംഘകർക്ക് 50 റിയാൽ മുതൽ 1,000 റിയാൽ വരെ ആദ്യം പിഴ ലഭിക്കും. കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും ഒമാൻ പരിസ്ഥിതി വിഭാഗം അറിയിച്ചു.