കുവൈറ്റ് സിറ്റി : കുവൈത്തിൻ്റെ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് മുബാറക് അൽ കബീർ’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. കുവൈത്തിലെ നൈറ്റ്ഹുഡിൻ്റെ ഓർഡറായ ഈ ബഹുമതി രാഷ്ട്രത്തലവന്മാർക്കും വിദേശ പരമാധികാരികൾക്കും രാജകുടുംബത്തിലെ അംഗങ്ങൾക്കും സൗഹൃദത്തിൻ്റെ പ്രതീകമായി സമ്മാനിക്കുന്നതാണ്. ബിൽ ക്ലിൻ്റൺ, ചാൾസ് രാജകുമാരൻ, ജോർജ്ജ് ബുഷ് തുടങ്ങിയ ആഗോള നേതാക്കൾക്കാണ് നേരത്തെ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. രാഷ്ട്രങ്ങളിൽ നിന്നും പ്രധാനമന്ത്രിയ്ക്ക് ലഭിച്ച 20-ാമത് അന്താരാഷ്ട്ര അവാർഡാണിത്.
43 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തുന്നത്. കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ ക്ഷണം സ്വീകരിച്ചാണ് നരേന്ദ്ര മോദി കുവൈത്തിലെത്തിയത്. വന്‍ സ്വീകരണമാണ് കുവൈറ്റിൽ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലഭിച്ചത്.
അമീരി ടെർമിനലിൽ കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽസബാഹ്, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‍യ എന്നിവർ ചേർന്നാണ് മോദിയെ സ്വീകരിച്ചത്
കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി ഞായറാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഫിൻടെക്, ഇൻഫ്രാസ്ട്രക്ചർ, സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം ചർച്ചാവിഷയമായി. രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദം വരും കാലങ്ങളിൽ കൂടുതൽ തഴച്ചുവളരുമെന്നുള്ള ശുഭാപ്തി വിശ്വാസം മോദി കുവൈറ്റ് ഭരണാധികാരിയുമായി പങ്കുവെച്ചു.