മൊഹാലി : ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ശംഭു, ഖനൗരി അതിർത്തികളിൽ നിന്ന് പ്രതിഷേധിക്കുന്ന കർഷകരെ ബുധനാഴ്ച പഞ്ചാബ് പോലീസ് ഒഴിപ്പിക്കാൻ തുടങ്ങി. കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് മടങ്ങുന്നതിനിടെ മൊഹാലിയിൽ സർവാൻ സിംഗ് പാന്ഥർ, ജഗ്ജിത് സിംഗ് ദല്ലേവാൾ എന്നിവരുൾപ്പെടെ നിരവധി കർഷക നേതാക്കളെ കസ്റ്റഡിയിലെടുത്തു. തുടർന്നാണ് പ്രതിഷേധക്കാരുടെ കൂടാരങ്ങൾ പൊളിക്കാനുള്ള നടപടിയിലേക്ക് പോലീസ് കടന്നത്.
സമരം കാരണം ദീർഘകാലം രണ്ട് ഹൈവേകൾ അടച്ചിട്ടത് വ്യവസായങ്ങളേയും ബിസിനസുകളേയും സാരമായി ബാധിച്ചുവെന്ന ന്യായീകരണമാണ് സംസ്ഥാന ധനമന്ത്രി ഹർപാൽ സിംഗ് ചീമ, പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് കർഷകരെ ഒഴിപ്പിച്ചതിൽ പറഞ്ഞു വെച്ചത്.
ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് മൻദീപ് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തിൽ ഏകദേശം 3,000 ഉദ്യോഗസ്ഥരാണ് ഖനൗരി അതിർത്തി പോയിന്റിൽ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ അണിചേർന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 13 മുതൽ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിർത്തി പോയിന്റുകളിൽ നിന്ന് അവരെ കുടിയിറക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ 200 ലധികം കർഷകരെ പോലീസ് കസ്റ്റഡിയിലെടുത്തു .
വിളകൾക്ക് മിനിമം താങ്ങുവില (എംഎസ്‌പി)
നിയമപരമായ ഉറപ്പ് നൽകൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിലേക്കുള്ള മാർച്ച് സുരക്ഷാ സേന തടഞ്ഞതിനെത്തുടർന്ന്, സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്ന കർഷകർ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു (ശംഭു-അംബാല), ഖനൗരി (സംഗ്രൂർ-ജിന്ദ്) അതിർത്തികളിൽ തമ്പടിച്ചിരുന്നത്.