തിരുവനന്തപുരം : സിനിമ താരങ്ങൾ ലഹരി ഉപയോഗിക്കുന്നതിന്റെ വിവരങ്ങൾ പൊലീസിന്റെ പക്കലുണ്ടെന്നും കുറ്റക്കാർക്കെതിരെ
ദാക്ഷിണ്യമില്ലാതെ നടപടിയെടുക്കുമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. അഭിനേതാക്കൾക്ക് സ്ഥിരമായി ലഹരി എത്തിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ വരും ദിവസങ്ങളിലുണ്ടാകും. സിനിമ സെറ്റുകളിലും താരങ്ങളെ പങ്കെടിപ്പിച്ചു ഹോട്ടലുകളിൽ സംഘടിപ്പിക്കുന്ന ആഘോഷ പാർട്ടികളിലും ലഹരിയുടെ സാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.സിനിമക്കാർക്ക് ഒരുതരത്തിലുള്ള പരിരക്ഷയും നൽകില്ല. പരാതി ലഭിച്ചാൽ മുഖം നോക്കാതെ നടപടിയെടുക്കും. സിനിമ സംഘടനകൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പരാതിയുമായി മുന്നോട്ടുവരാൻ നടി വിൻ സി അലോഷ്യസിന് ഉൾപ്പെടെ കൗൺസലിംഗ് നൽകും. പരാതിക്കാർക്ക് എല്ലാ രീതിയിലുള്ള സുരക്ഷയും ഉറപ്പാക്കും.
ലഹരിക്കെതിരായ ഡി ഹണ്ട് യജ്ഞത്തിൽ ഇതുവരെ 11,000 കേസുകൾ റജിസ്റ്റർ ചെയ്തു. ഇതു റെക്കോർഡാണ്. ലഹരിവിരുദ്ധ പ്രവർത്തനം ശക്തമാക്കാൻ എല്ലാ ജില്ലകളിലും സ്ഥിരം ടീമിനെ സജ്ജമാക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.