കോഴിക്കോട് : ലഹരിവസ്തുക്കൾ വിറ്റ് വാങ്ങിയ വാഹനം പോലീസ് കണ്ടുകെട്ടി. മലപ്പുറം വാഴയൂർ സ്വദേശി അബിൻ (29)ന്റെ പേരിലുള്ള വാഹനമാണ് കണ്ടുകെട്ടിയത്. 2024 ജൂണിൽ പതിമംഗലത്ത് കുന്ദമംഗലം പോലീസും സിറ്റി ഡാൻസാഫും ചേർന്ന് നടത്തിയ വാഹനപരിശോധനയിലാണ് 141.88ഗ്രാം എംഡിഎംഎയുമായി അബിൻ ഉൾപ്പെടെ നാലുപേർ പിടിയിലായത്. ഈ കേസിലാണ് അബിൻ്റെ പേരിലുള്ള ടിപ്പർലോറി കുന്ദമംഗലം പോലീസ് കണ്ടുകെട്ടിയത്.
ബംഗളൂരുവിൽ നിന്ന് രാസലഹരി കേരളത്തിലേയ്ക്ക് കടത്തി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിൽപ്പന നടത്തുക എന്നതാണ് ഇയാൾ ചെയ്തിരുന്നത്. കുറഞ്ഞ കാലം കൊണ്ട് ഇയാൾ വലിയ തോതിൽ പണം സമ്പാദിച്ചതും വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതുമെല്ലാം ലഹരി വിൽപ്പനയിൽ നിന്നുള്ള വരുമാനം കൊണ്ടാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച്, കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. കിരൺ നൽകിയ റിപ്പോർട്ട് പ്രകാരമാണ് പ്രതിയുടെ സ്വത്തുവകകൾ കണ്ടുകെട്ടിയത്. നിലവിൽ പ്രതി കോഴിക്കോട് ജില്ലാ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്ന പ്രതികൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇതിന് മറ്റു സംസ്ഥാനങ്ങളിലെ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രൻ അറിയിച്ചു.