മലപ്പുറം : വിദേശത്ത് നിന്ന് നാട്ടിലെത്തിയ കുടുംബത്തിൻ്റെ കയ്യിലുണ്ടായിരുന്ന സ്വർണ്ണം പൊലീസുകാർ തട്ടിയെടുത്തുവെന്ന ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ. മലപ്പുറത്ത് വ്യാഴാഴ്ച വിളിച്ചുച്ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് അൻവറിൻ്റെ വെളിപ്പെടുത്തൽ. യാഥാർത്ഥ്യം വെളിവാക്കുന്ന കുടുംബത്തിൻ്റെ വീഡിയോയും മാധ്യമപ്രവർത്തകർക്ക് മുന്നിൽ പിവി അൻവർ പുറത്തുവിട്ടു.
2023ൽ വിദേശത്തു നിന്ന് എത്തിയ കുടുംബം അനുഭവം വ്യക്തമാക്കുന്ന വിഡിയോ ആണ് പുറത്ത് വിട്ടത്. എയർപ്പോട്ടിന് പുറത്ത് വെച്ചാണ് പൊലീസ് സ്വർണ്ണം പിടിച്ചത്. പിടിച്ചെടുത്ത സ്വർണ്ണത്തിൻ്റെ പകുതിയിലധികം പൊലീസ് മോഷ്ടിച്ചു. 900 ഗ്രാം സ്വർണ്ണത്തിൽ 500 ഗ്രാമിലേറെയാണ് പൊലീസ് അടിച്ചു മാറ്റിയത്. 300 ഗ്രാമിന് മുകളിൽ സ്വർണ്ണം മാത്രമാണ് കണക്കിലുണ്ടായിരുന്നത്. ബാക്കി സ്വർണ്ണം പൊലീസ് തട്ടിയെടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
പാസ്പോട്ടും ഫോണും പിടിച്ചുവെച്ചു. ഒന്നരമാസത്തിന് ശേഷം പാസ്പോർട്ട് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയപ്പോൾ മഞ്ചേരി കോടതിയിൽ ചെല്ലാനാണ് ആവശ്യപ്പെട്ടത്. അവിടെ വെച്ചാണ് രേഖകൾ പരിശോധിക്കുന്നതും സ്വർണ്ണ തൂക്കത്തിലെ വ്യത്യാസം മനസിലാകുന്നതും. 500 ലേറെ ഗ്രാം പൊലീസ് മുക്കിയെന്നും അൻവർ പുറത്ത് വിട്ട വീഡിയോയിലൂടെ കുടുംബം ദുരനുഭവം പങ്കുവെച്ചു.
സ്വർണം പോലീസ് മോഷ്ടിക്കുന്നതല്ലെന്നും ഉരുക്കി വേർ തിരിക്കുമ്പോൾ തൂക്കം കുറയുന്നതാണെന്നുമാണ് മുഖ്യമന്ത്രി മുൻപ് അൻവറിൻ്റെ ആരോപണങ്ങളിൽ പ്രതികരിച്ചിരുന്നത്. മുഖ്യമന്തിയുടെ ആ വാദം ഖണ്ഡിക്കുകയും തിരുത്തുകയും ചെയ്യുക എന്നതു കൂടി വീഡിയോ പുറത്തു വിട്ടതിലൂടെ അൻവർ ലക്ഷ്യം വെച്ചത്.
കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കുവാൻ തയ്യാറുണ്ടോയെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു അൻവർ. പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേർന്ന് എത്ര സ്വർണ്ണം തട്ടിയെടുത്തുവെന്നതും അന്വേഷിക്കണം. അതല്ല എഡിജിപി എം.ആർ അജിത്ത് കുമാർ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രി എന്നും അൻവർ പരിഹസിച്ചു.
‘