റിയാലിറ്റിഷോയിൽ സംപ്രേക്ഷണം ചെയ്ത അശ്ലീല ഉള്ളടക്കത്തിനെതിരെ നടൻ അജാസ് ഖാന് നോട്ടീസ് അയച്ച് ദേശീയ വനിതാ കമ്മീഷൻ. ഉല്ലൂ ഒടിടി ഫ്ലാറ്റ്ഫോമിൽ സംപ്രേക്ഷണം ചെയ്ത ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് കമ്മീഷൻ്റെ നോട്ടീസ്. മെയ് 9ന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വനിതാ കമ്മീഷൻ പരിപാടിയുടെ അവതാരകനായ അജാസ് ഖാന് നോട്ടീസ് അയച്ചത്.
മത്സരാർഥികളെ കൊണ്ട് അശ്ലീല കാര്യങ്ങൾ ചെയ്യിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ശിവസേനാ ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്കാ ചതുർവേദി, ബിജെപി നേതാവ് നിഷികാന്ത് ദുബെ എന്നിവർ നിയമനടപടി ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കടുത്ത നടപടി ഉണ്ടാകുമെന്നും കമ്മീഷൻ ഉറപ്പ് നൽകി. ഷോയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ഉറപ്പുനൽകി.
കഴിഞ്ഞ വർഷം മാർച്ച് 14 ന് അശ്ലീല ഉള്ളടക്കം നിറഞ്ഞ 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ബ്ലോക്ക് ചെയ്തിരുന്നു. അടുത്ത കാലത്ത്, ഇന്ത്യാ ഗോട്ട് ലേറ്റൻറ് എന്ന പരിപാടിയിൽ അവതാരകർ അശ്ലീല പരാമർശം നടത്തിയത് വൻ വിവാദമാവുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.