കൊച്ചി : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ സന്ദർശിച്ച സിനിമാതാരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. മലയാള താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്ന വിവരം. റിമാൻഡ് റിപ്പോർട്ടിൽ ഇരുവരുടേയും പേരുണ്ട്. രണ്ടു പേരും എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. താരങ്ങളെ ഹോട്ടലിൽ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ഓം പ്രകാശും കൂട്ടാളി ഷിഹാസും എറണാകുളം കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽ നിന്ന് പോലീസ് പിടിയിലാകുന്നത്. മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന ‘സംശയത്തിൻ്റെ പേരിലായിരുന്നു അറസ്റ്റ്. 20-ഓളം കേസുകളിൽ പ്രതിയാണ് ഇവർ. പരിശോധനയിൽ ഷിഹാസിൻ്റെ മുറിയിൽനിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു.
ഹോട്ടലിലെ മൂന്ന് മുറികൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഇതിൽ ലഹരി പാർട്ടി നടന്നതായി പോലീസിന് വിവരം ലഭിച്ചു. 20 പേരാണ് മൂന്നു മുറികളിലായി എത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.
ബോബി ചലപതി എന്നയാൾ ബുക്ക് ചെയ്തിരുന്ന മുറിയിലായിരുന്നു ഓംപ്രകാശും ഷിഹാസും ഉണ്ടായിരുന്നത്. 1421, 1423, 1506 എന്നീ മുറികളിൽ ഉണ്ടായിരുന്നവർ ചേർന്നു ശനിയാഴ്ച ഡിജെ പാർട്ടി നടത്തി എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അന്ന് ലഹരി മരുന്ന് ഉപയോഗിച്ചിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
ജാമ്യത്തിൽ ഇറങ്ങിയ ഇവർ കൊച്ചിയിൽ വന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട്. എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തതായാണ് മരട് പോലീസ് പറഞ്ഞത്. ഈ സംഭവത്തിലെ അന്വേഷണം പുരോഗമിക്കവേയാണ് സിനിമാ താരങ്ങൾ ഇവരെ കാണാനെത്തിയ വിവരം പുറത്തുവന്നത്.
കോടതിയിൽ ഹാജരാക്കി പ്രതികളെ വിട്ടുകിട്ടണമെന്നു പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിച്ചു. ഇരുവരും ലഹരി മരുന്ന് ഉപയോഗിച്ചതായി തെളിയിക്കാനുള്ളതൊന്നും പ്രഥമദൃഷ്ട്യാ ഇല്ലെന്നു ചൂണ്ടിക്കാട്ടി കോടതി ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
ഇവരെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിലാണ് ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഓംപ്രകാശിനെ സന്ദർശിച്ചിരുന്നതായും ഹോട്ടലിൽ ഡിജെ പാർട്ടി നടന്നതായും വ്യക്തമാക്കിയിരിക്കുന്നത്. ശനിയാഴ്ചയാണ് ശ്രീനാഥ് ഭാസിയും പ്രയാഗയും ഇവിടെ എത്തിയത് എന്നാണ് വിവരം. മുറിയിൽ കൊക്കെയ്ൻ്റെ സാന്നിധ്യം മനസിലായ സാഹചര്യത്തില്‍ ഇരുവരുടെയും മൊഴിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.