ഇടുക്കി: പന്നിയാർ കോളനിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള കുടിവെള്ള പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒരു മാസത്തിനകം ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
വസ്തുതകൾ കമ്മീഷനെ ബോധ്യപ്പെടുത്തുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയോ, മുതിർന്ന ഉദ്യോഗസ്ഥനോ ഡിസംബർ 13 ന് രാവിലെ 10 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കണം. ആരാണ് പദ്ധതിയുടെ നിർവ്വഹണ അധികാരിയെന്നും ജല അതോറിറ്റി കീഴിലാണ് പദ്ധതിയെങ്കിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് എവിടെയാണെന്നും അറിയിക്കണം. പ്രവൃത്തി നടത്തുന്ന പ്രദേശത്തെ കെ. എസ്. ഇ. ബി എക്സിക്യൂട്ടീവ് എഞ്ചീനീയറുടെ ഓഫീസ് എവിടെയാണെന്നും അറിയിക്കണം.
വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്തിലെ എൽ. എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയറും പരാതിക്കാരനും ജല അതോറിറ്റിയുടെയും കെ.എസ്.ഇ.ബിയുടെയും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് മുൻകൂട്ടി നോട്ടീസ് നൽകിയശേഷം ജൽ ജീവൻ കുടിവെള്ള പദ്ധതി നടക്കുന്ന സ്ഥലം സന്ദർശിച്ച് പണിയുടെ പുരോഗതി വിലയിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറി കമ്മീഷനിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പന്നിയാർ കോളനിയിൽ നിലവിൽ സൗജന്യമായി കുടിവെള്ള വിതരണം നടത്തുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കാണണമെങ്കിൽ ജൽജീവൻ മിഷന്റെ പദ്ധതി പൂർത്തിയാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി നൽകിയ പരാതിയിലാണ് നടപടി.