തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തെത്തി. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തുടങ്ങിയവര്‍ പങ്കെടുക്കും.
വ്യാഴാഴ്ച വൈകീട്ട് 7-50 ന് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗ്ഗം രാജ്ഭവനിലേക്ക് പോയി. കനത്തസുരക്ഷയാണ് പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. വിഴിഞ്ഞതും പരിസരപ്രദേശത്തിനും പുറമെ തിരുവനന്തപുരം നഗരത്തിലും സുരക്ഷയുടെ ഭാഗമായി ആയിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 9.30-ന് രാജ്ഭവനില്‍നിന്ന് പാങ്ങോട് സൈനികകേന്ദ്രത്തിലേക്കും അവിടെനിന്ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തുമെത്തും.
10.30 ന് പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ച ശേഷം പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഹൈദരാബാദിലേക്ക് യാത്ര തിരിക്കും. 10,000 ഓളം പേരെയാണ് ഉദ്ഘാടന ചടങ്ങിന് പ്രതീക്ഷിക്കുന്നത്. പൊതുജനത്തിന് ചടങ്ങ് വീക്ഷിക്കാൻ വലിയ എൽഇഡി സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്.