ഹൈദരാബാദ് : ഡൽഹി സർവ്വകലാശാല മുൻ അദ്ധ്യാപകൻ പ്രഫ. ജി.എൻ. സായിബാബ (54) ഒടുവിൽ മരണത്തിന് കീഴടങ്ങി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പത്ത് വർഷത്തോളം യുഎപിഎ ചുമത്തി ജയിലിലടക്കപ്പെട്ട പ്രൊഫസർ സായിബാബയെ ബോംബെ ഹൈക്കോടതി വെറുതെ വിട്ടത് ഈ വർഷമാണ്. ഹൈദരാബാദിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
സായിബാബ ഉൾപ്പെടെ ആറു പേരെ ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് മാർച്ചിലാണ് കുറ്റവിമുക്തരാക്കിയത്. യുഎപിഎ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.
2014 മേയിലാണ് ഡൽഹി സർവ്വകലാശാലയുടെ റാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലിഷ് അദ്ധ്യാപകനായിരുന്ന സായിബാബയെ ഡൽഹിയിലെ വസതിയിൽനിന്ന് മഹാരാഷ്ട്ര ഗഡ്ചിറോളി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ അദ്ദേഹത്തെ കോളജിൽ നിന്ന് സസ്പെൻ്റ് ചെയ്തു. 2017ലാണ് സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2021 മാർച്ചിൽ കോളജ് അദ്ദേഹത്തെ സർവ്വീസിൽ നിന്ന് പുറത്താക്കി.
പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളർന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ 2014ൽ അറസ്റ്റിലായതു മുതൽ നാഗ്പുർ സെൻട്രൽ ജയിലിലായിരുന്നു. 2022 ഒക്ടോബർ 14ന് ഇതേ കേസിൽ സായിബാബ ഉൾപ്പെട്ട പ്രതികളെ ഹൈക്കോടതി വിട്ടയച്ചു. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീൽ പിറ്റേന്നു തന്നെ സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചു. ഹൈക്കോടതിയുടെ വിധി നടപ്പാക്കുന്നതു തടഞ്ഞു. തുടർന്ന് കേസിൽ വിശദമായ വാദം കേട്ട ശേഷം ഹൈക്കോടതിയുടെ വിധി റദ്ദാക്കി.
കേസ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ആദ്യം മുതൽ പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം വീണ്ടും വാദം കേട്ടാണ് ഹൈക്കോടതി പ്രതികളെ മാർച്ച് അഞ്ചിന് വീണ്ടും കുറ്റവിമുക്തരാക്കിയത്.
ഇത്രയും നീണ്ട ജയിൽ ജീവിതത്തിനിടയിൽ തുടർച്ചയായി മാനസികമായും ശാരീരികമായും പീഢനങ്ങൾ ഏൽക്കേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പോളിയോ രോഗത്താൽ 90 ശതമാനത്തോളം ശാരീരിക അവശതയുള്ള അദ്ദേഹത്തിന് ചികിത്സ നിഷേധിക്കപ്പെട്ട കാര്യവും ജയിൽ മോചിതനായ ശേഷം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.