( Photo Courtesy : X )
കൊൽക്കത്ത : വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം ബംഗാള്‍ മുര്‍ഷിദാബാദിൽ അതീവ സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്. മരണം മൂന്ന് ആയി. പരുക്കേറ്റവർ നിരവധിയാണ്. സംഘർഷം നിയന്ത്രിക്കാൻ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ കൂടി മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 120 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂര്‍ഷിദാബാദില്‍ നിരോധനാജ്ഞ തുടരുകയാണ്. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കും. നിംതിത, ഷംഷേര്‍ഗഞ്ച്, ജംഗിപുര്‍, ജാഫ്രാബാദ് പ്രദേശങ്ങളില്‍ സംഘര്‍ഷം പടരാറുള്ള സാഹചര്യം മുൻകൂട്ടി കണ്ടാണ് തീരുമാനം.
പോലീസുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സേനയെ അയയ്ക്കാന്‍ തയ്യാറാണെന്നും സൗത്ത് ബംഗാള്‍ ഫ്രോണ്ടിയര്‍ കര്‍ണി സിംഗ് ഷെഖാവത്ത് അറിയിച്ചു. മുര്‍ഷിദാബാദിലെ കലാപങ്ങളില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്ര സേനയെ വിന്യസിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഗവര്‍ണര്‍ സ്വാഗതം ചെയ്തു. മറ്റിടങ്ങളിലേക്ക് സംഘര്‍ഷം പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.