(Photo Courtesy : X )
കൊൽക്കത്ത : വഖഫ് നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തി പ്രാപിക്കുന്നതിനിടെ, കൊൽക്കത്തയിലെ ആലിയ സർവ്വകലാശാലയിലും വെള്ളിയാഴ്ച അതിൻ്റെ അലയൊലികൾ മുഴങ്ങി. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് വഖഫ് നിയമത്തിനെതിരെ വൻ പ്രതിഷേധവും മാർച്ചും നടത്തിയത്. നിയമം പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

ബിജെപി മതപരമായ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അവരുടെ പദ്ധതികൾ ഫലം കാണില്ലെന്നും നഗര മേയറും ബംഗാൾ മന്ത്രിയുമായ ഫിർഹാദ് ഹക്കീം പറഞ്ഞു. സിലിഗുരിയിലെ മുസ്ലീം സമുദായത്തിലെ അംഗങ്ങളും സമാനമായ പ്രതിഷേധങ്ങൾ നടത്തി. ബംഗാളിലെ ജനസംഖ്യയുടെ ഏകദേശം 30% മുസ്ലീങ്ങളാണ്, അവർ തൃണമൂൽ കോൺഗ്രസിന്റെ ഒരു പ്രധാന വോട്ടുബാങ്കാണ്. അടുത്ത വർഷം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്
കഴിഞ്ഞയാഴ്ച നടന്ന മാരത്തൺ ചർച്ചകൾക്ക് ശേഷം 2025 ലെ വഖഫ് (ഭേദഗതി) ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസ്സാവുകയും പ്രസിഡൻ്റിൻ്റെ അനുമതിയോടെ നിയമമായി മാറുകയും ചെയ്തിരുന്നു. ബിൽ പാസായതിനുശേഷം, നിയമത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികളുടേതടക്കം നിരവധി ഹർജികൾ സുപ്രീം കോടതിയിൽ എത്തിയിട്ടുണ്ട്.
വ്യാഴാഴ്ച, പ്രമുഖ മുസ്ലീം സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഹിന്ദ്, വഖഫ് നിയമത്തിനെതിരെ ഒരു കോടി ആളുകൾ ഒപ്പിട്ട പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. വഖഫ് നിയമത്തിനെതിരായ നിയമപോരാട്ടത്തിനായി ഒരു ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നും ജാമിയത്ത് പ്രഖ്യാപിച്ചു. അടുത്ത ആഴ്ച, ഏപ്രിൽ 16 ന് സുപ്രീം കോടതി നിരവധി ഹർജികൾ പരിഗണിക്കും.