കാസർഗോഡ് : വിദേശത്തുനിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് ജോലിനൽകിയാൽ തൊഴിലുടമയ്ക്ക് ഇവരുടെ വേതനത്തിന്റെ പകുതി ‘നോർക്ക റൂട്ട്സ്’ നൽകും. ദിവസവേതനത്തിന്റെ 50 ശതമാനം, അല്ലെങ്കിൽ പരമാവധി 400 രൂപ ഇതിൽ ഏതാണോ കുറവ് അതാണ് അനുവദിക്കുക. ഒരു തൊഴിലുടമയ്ക്കുകീഴിൽ ഒരു വർഷം പരമാവധി 50 തൊഴിലാളികൾക്ക് ആനുകൂല്യം കിട്ടും. ഒരു തൊഴിലാളിക്ക് ഓരോ മൂന്നുമാസവും 25 ദിവസംവെച്ച് പരമാവധി 100 ദിവസത്തെ തുകയാണ് ഒരുവർഷം അനുവദിക്കുക. അതായത് ഒരു തൊഴിലാളിക്ക് പരമാവധി 40,000 രൂപ നൽകും. തൊഴിലാളികളും തൊഴിലുടമകളും നോർക്കയിൽ രജിസ്റ്റർചെയ്യണം.
നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് സ്കീം(നെയിം) പ്രകാരമാണിത് നടപ്പാക്കുന്നത്. നോർക്ക തിരഞ്ഞെടുക്കുന്ന തൊഴിൽമേഖലയിലാകും തുടക്കത്തിൽ ഇത് നടപ്പാക്കുക. ഒരു തൊഴിലാളിക്ക് ഒരുവർഷംമാത്രമേ ആനുകൂല്യം ലഭിക്കൂ.
- രണ്ടുവർഷം വിദേശത്ത് ജോലിചെയ്ത നിലവിൽ തൊഴിൽ വിസ ഇല്ലാത്തവരോ മടങ്ങിവന്ന് ആറുമാസം കഴിഞ്ഞവരോ ആകണം.
- കുറഞ്ഞ പ്രായപരിധി 25 വയസ്സ്; കൂടിയത് 70 വയസ്സ്.
- കുടുംബവാർഷികവരുമാനം മൂന്നുലക്ഷംരൂപയോ അതിൽ താഴെയോ ആകണം.
- 90 ശതമാനം അംഗങ്ങളും തിരിച്ചെത്തിയ പ്രവാസികളായിട്ടുള്ള തൊഴിൽ, വ്യവസായ, സേവന, സംരംഭ സഹകരണസംഘങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രജിസ്ട്രേഷനുള്ള സ്വകാര്യ, സഹകരണ, വ്യവസായ, വ്യാപാര, സേവന സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവർക്ക് തൊഴിൽ ദാതാക്കളായി രജിസ്റ്റർചെയ്യാം.
- തൊഴിലാളികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്ക് വേണം തൊഴിലുടമ വേതനം നൽകാൻ. സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കേ നോർക്ക തുക അനുവദിക്കൂ.
- തൊഴിലാളിക്ക് വർഷം മുഴുവനും സ്ഥാപനം തൊഴിൽനൽകണം.
‘