കൽപറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പുഞ്ചിരിമട്ടത്ത് താമസം സുരക്ഷിതമല്ലെന്ന് ഭൗമ ശാസ്ത്രജ്ഞൻ ഡോ.ജോൺ മത്തായി. സർക്കാർ നിർദ്ദേശപ്രകാരം ദുരന്തമേഖലകൾ സന്ദർശിച്ച ശേഷം വിദഗ്ധ സംഘത്തോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പുഞ്ചിരിമട്ടത്ത് നിലവിൽ പുഴയോട് ചേർന്ന് വീടുകൾ ഉള്ള ഭാഗത്ത് ആപത്കരമായ സ്ഥിതിയാണ്. ഇവിടെ താമസിക്കുന്നത് സുരക്ഷിതത്വമല്ല.” അദ്ദേഹം അഭിപ്രായപ്പെട്ടു. ദുരന്തമുണ്ടായ ചൂരൽമല പ്രദേശത്ത് സുരക്ഷിത മേഖലകൾ ഏറെയുണ്ടെന്നും എന്നാൽ ഇവിടെ പുതിയ നിർമ്മാണ പ്രവൃത്തികൾ നടത്തണമോ എന്ന നയപരമായ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിന് സമർപ്പിക്കും. വന്മരങ്ങള്‍ ഒഴുകി വന്നത് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചു. പാറകളും മരങ്ങളും ഡാം പോലെ അടിഞ്ഞുകൂടി. ഉരുള്‍പൊട്ടലുണ്ടായത് വനമേഖലയിലാണെന്ന് വിദഗ്ധ സംഘം വിലയിരുത്തി.
ഉരുൾപൊട്ടലുണ്ടായ ദിവസം ചൂരൽമല മേഖലയിൽ കനത്ത മഴയാണ് പെയ്തത്. ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് രണ്ടുദിവസംകൊണ്ട് പെയ്തത് 570 മില്ലീലിറ്റർ മഴയാണ്. ഇതൊരു അസാധാരണ സംഭവമാണ്. വയനാടിന്റെയും ഇടുക്കിയുടെയും മഴരീതിയിൽ മാറ്റം വന്നിട്ടുണ്ട്. പുഞ്ചിരിമട്ടം മുതൽ ചൂരൽമല വരെയുള്ള ഭാഗങ്ങളാണ് സംഘം പരിശോധിച്ചത്.