തൃശൂർ: തൃശൂർ പൂരം കലക്കിയതിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കേസ് എടുത്ത് പോലീസ്. തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം എഫ്.ഐ.ആറില്‍ ആരുടെയും പേരില്ല. പ്രത്യേക അന്വേഷണസംഘത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് കേസ് എടുത്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കല്‍, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എന്ന് എഫ് ഐ ആറിൽ പറയുന്നുമുണ്ട്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ടൗൺ പോലീസ് ആരെയും പ്രതിചേർക്കാതെ കേസെടുത്തത്.
പൂരം കലക്കിയ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ഈ മാസം മൂന്നിന് സര്‍ക്കാര്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് പൊലീസ് തിരക്കിട്ട് കേസെടുത്തത്. അതേസമയം, തൃശ്ശൂര്‍ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദത്തെ തള്ളുകയാണ് സി.പി.ഐ. പൂരം അലങ്കോലമായെന്ന നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും റവന്യൂ മന്ത്രി കെ. രാജനും ഞായറാഴ്ച ആവര്‍ത്തിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും ഇതേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. പ്രശ്‌നത്തെ മുഖ്യമന്ത്രി ലഘൂകരിച്ചുവെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
ത്രിതല അന്വേഷണം പ്രഖ്യാപിച്ച് ഒമ്പത് ദിവസം കഴിഞ്ഞാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചത്. എന്നാൽ, പ്രത്യേക സംഘത്തിന് കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എംആർ അജിത് കുമാർ നൽകിയത്. എന്നാൽ, എഡിജിപിയുടെ വീഴ്ച ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ഡിജിപി നൽകിയത്. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ കേസെടുക്കാനാകില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന് കിട്ടിയ നിയമോപദേശം. അന്വേഷണം നിലച്ചെന്ന വ്യാപക വിമർശനങ്ങൾക്കിടെയാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ പരാതിക്കാരനാക്കി കേസെടുത്തെടുത്തത്. കേസെടുത്തെങ്കിലും എഫ്ഐആറിൽ ആരെയും പ്രതിയാക്കിയില്ല. എഡിജിപിയുടെ റിപ്പോർട്ടിൽ കേസെടുത്താൽ തിരുവമ്പാടി ദേവസ്വം പ്രതിയാകും. അതൊഴിവാക്കാൻ കൂടിയാണ് ഇത്തരത്തിലുള്ളോരു കേസ്. വിവിധ പരാതികളുടേയും റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ പൂരം അലങ്കോലപ്പെട്ടെന്നാണ് ഇൻസ്പെക്ടറുടെ പരാതി. ഈ പരാതിയിലാണ് കേസ്.
പൂരം കലങ്ങിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി നിസ്സാരവൽക്കരിക്കുമ്പോഴാണ് പൊലീസ് ഗൂഡാലോചനയിൽ പേരിനെങ്കിലും കേസെടുക്കുന്നത്. അതേസമയം, തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെനിലപാടിനെ സിപിഐ പാടെ തള്ളി. ബിജെപിക്ക് ജയിക്കാനായി പൂരം ബോധപൂർവം കലക്കിയതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇതിനിടെ, ആർഎസ്എസിനെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രി പുരം കലക്കൽ ഒളിപ്പിക്കുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു. തിരുവമ്പാടി ദേവസ്വവും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു. പാറമേക്കാവ് ദേവസ്വവും അന്വേഷണം ആവശ്യപ്പെട്ടു.