കൊച്ചി: കൊച്ചിയിലെ അവസാനത്തെ ജൂത സ്ത്രീയും ഓർമ്മകളിൽ മറഞ്ഞു. കൊച്ചി മട്ടാഞ്ചേരിയിലെ വസതിയിലായിരുന്നു ക്യൂനി ഹല്ലേഗ്വയുടെ അന്ത്യം. ക്വീനിയുടെ ആഗ്രഹം പോലെ ഇനി ഭർത്താവ് സാമുവൽ ഹലേഗ്വയുടെ കല്ലറയ്ക്കരികിൽ അവർ അന്തിയുറങ്ങും. ക്യൂനി ഹല്ലേഗ്വയുടെ മരണത്തെത്തുടർന്ന് കൊച്ചിയിൽ ഒരു കാലത്ത് സജീവമായിരുന്ന ജൂത സമൂഹം ഇപ്പോൾ ഒരാളിൽ ഒതുങ്ങി. ക്വീനിയുടെ അനന്തരവനായ കീത്ത് ഐ ഹല്ലേഗുവ(65)യാണ് മിഡിൽ-ഈസ്റ്റേൺ രക്തത്തിലെ പരദേശി ‘വെളുത്ത’ ജൂതന്മാരുടെ ഇനിയുള്ള ഏക പ്രതിനിധി.
1948-ൽ ഇസ്രായേൽ രാഷ്ട്രം രൂപീകൃതമായപ്പോൾ യഹൂദർ മാതൃരാജ്യത്തേക്ക് കുടിയേറിയെങ്കിലും ഫോർട്ട് കൊച്ചിയിലെ ജൂത തെരുവിലും സമീപ പ്രദേശങ്ങളിലും മൂവായിരത്തോളം ജൂതന്മാർ കൊച്ചിയെ പ്രണയിച്ച് ഇവിടെ സ്ഥിരതാമസമാക്കിയിരുന്നു. 1950 കളിലെ കേരളത്തിലെ യഹൂദ ചരിത്രം അക്കഥ പറയും.

[ കോഡേർ ഹൗസ് – ഫയൽ ചിത്രം]
കോഡർ കുടുംബാംഗമാണ് ക്വീനി. അവളുടെ പിതാവ് പരേതനായ എസ് കോഡർ. വളരെ സമ്പന്നമായ കുടുംബം. ഫോർട്ട് കൊച്ചിയിലെ കോഡേർ വീട്ടിലായിരുന്നു താമസം. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികളുടെ ഏജന്റും കേരളത്തിലെ ആദ്യ വൈദ്യുതി വിതരണ കമ്പനിയായ കൊച്ചിൻ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു എസ് കോഡർ. കൊച്ചിയിൽ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സർവീസ് ആരംഭിക്കുകയുമൊക്കെ ചെയ്തത് ജൂതവംശജൻ സാറ്റു കോഡർ എന്ന എസ്. കോഡറാണ്. കോഡേർ ഹൗസ് ഇപ്പോൾ അതേ പേരിൽ തന്നെ കൊച്ചിയിലെ അറിയപ്പെടുന്ന ഹെറിറ്റേജ് ഹോട്ടലായി പരിണമിച്ചു. കൊച്ചിയിലെ പ്രശസ്തമായ സീലോർഡ് ഹോട്ടലും കോഡർ നിർമ്മിച്ചതാണ്.
ക്വീനി – സാമുവൽ ഹല്ലേഗുവ ദമ്പതിമാർക്ക് രണ്ട് മക്കളാണ്. ഇരുവരും അമേരിക്കയിൽ സ്ഥിരതാമസമാണ്. സാമുവലും ക്യൂനിയും എല്ലാ വർഷവും ഇസ്രായേലിലേക്കും അമേരിക്കയിലേക്കും പോകാറുണ്ടായിരുന്നു. പക്ഷേ, ഭർത്താവിൻ്റെ മരണശേഷം, ക്വീനി വളരെ അപൂർവമായേ വിദേശയാത്ര നടത്തിയിട്ടുള്ളൂ.
2017 – ൽ TNIE – യ്‌ക്ക് നൽകിയ അഭിമുഖത്തിൽ, ക്വീനി കൊച്ചിയോടുള്ള തൻ്റെ സ്‌നേഹം പ്രകടിപ്പിച്ച് പറഞ്ഞതിങ്ങനെ – “ഇത് എൻ്റെ പൂർവ്വികരുടെ നാട്. ഞാനും ഇവിടെയാണ്. എൻ്റെ ഭർത്താവിൻ്റെ അടുത്ത് അടക്കം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.” യഹൂദ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള തൻ്റെ അറിവ് പങ്കുവെക്കാൻ ക്വീനി എപ്പോഴും ഉത്സുകയായിരുന്നു.
പരദേശി സിനഗോഗിൻ്റെ കെയർടേക്കർ എം സി പ്രവീൺ പറയുന്നതനുസരിച്ച്, 2012 മുതൽ 2018 വരെ പരദേശി സിനഗോഗിൻ്റെ വാർഡനും മാനേജിംഗ് ട്രസ്റ്റിയുമായിരുന്നു ക്വീനി. 2011 വരെ എസ് കോഡർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിംഗ് പാർട്ണറും ആയിരുന്നു.
സംസ്കാരം ഞായറാഴ്ച മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗിന് സമീപമുള്ള ജൂത സെമിത്തേരിയിൽ നടന്നു..