അലഹബാദ് : കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ പൗരത്വ വിഷയത്തിൽ കേന്ദ്രത്തിന് നാലാഴ്ച സമയം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച ഹർജിയിലാണ് നടപടി. ജസ്റ്റിസ് എ ആർ മസൂദി, അജയ് കുമാർ ശ്രീവാസ്തവ എന്നിവരടങ്ങുന്ന ഹൈക്കോടതി ലഖ്‌നൗ ബെഞ്ച് ഏപ്രിൽ 21-ന് വാദം കേൾക്കും. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ പൗരത്വം സംബന്ധിച്ച് കേന്ദ്രം ഒരു സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രം എട്ട് ആഴ്ച സമയം ആവശ്യപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധി ബ്രിട്ടീഷ് അധികാരികൾക്ക് സമർപ്പിച്ച രേഖകളിൽ താൻ ബ്രിട്ടീഷ് പൗരനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് സുബ്രമണ്യൻ സ്വാമിയുടെ ആരോപണം. 2019-ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പരാതിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
ബ്രിട്ടീഷ് പാസ്‌പോർട്ട് കൈവശം വയ്ക്കുന്നത് ഇന്ത്യൻ ഭരണഘടനയും പൗരത്വ നിയമവും ലംഘിക്കുന്നതിന് തുല്യമാണെന്നും സ്വാമി വാദിച്ചു.
രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വത്തെക്കുറിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ബിജെപി നേതാവ് കോടതിയെ അറിയിച്ചു. എന്നാൽ, സർക്കാർ തുടർനടപടികളൊന്നും സ്വീകരിച്ചില്ല.
തുടർന്ന് സ്വാമിയുടെ ഹർജിയുടെയും മന്ത്രാലയത്തിന് സമർപ്പിച്ച നിവേദനത്തിന്റെയും സ്ഥിതി അറിയിക്കാൻ കോടതി കേന്ദ്രത്തിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.