ബംഗളൂരു : സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവു ഒരു വർഷത്തിനിടെ ദുബൈയിലേക്ക് പറന്നത് 30 തവണ. സ്വർണ്ണം കടത്തുന്നതിന് കിലോയ്ക്ക് ഒരു ലക്ഷം രൂപ വെച്ചാണ് രന്യയ്ക്കു കമ്മീഷൻ ലഭിച്ചിരുന്നതെന്നും ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) അന്വേഷണത്തിൽ കണ്ടെത്തി.
12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായാണു നടി രന്യ റാവു (31) കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. ദുബൈയിൽ നിന്നെത്തിയ രന്യ ബെൽറ്റിലും ജാക്കറ്റിലുമായി മാത്രം 14.2 കിലോ സ്വർണം ഒളിപ്പിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിൻ്റെ ഭാഗമായി വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടിയുടെ സ്വർണാഭരണങ്ങളും കണ്ടെടുത്തു. കേസിൽ മൊത്തം 17.29 കോടിയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
കിലോയ്ക്ക് 1 ലക്ഷം രൂപ വീതം ഓരോ ദുബൈ യാത്രയിലും 12–13 ലക്ഷം രൂപയാണു രന്യ കമ്മീഷനായി നേടിയത്. ജാക്കറ്റുകളിലും ബെൽറ്റിലും ഒളിപ്പിച്ചാണു സ്വർണം കടത്തിയത്.
ആർക്കിടെക്ടായ ഭർത്താവ് ജതിൻ ഹുക്കേരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യ ഭാര്യ അപകടത്തിൽ മരിച്ചതിനെ തുടർന്ന് രാമചന്ദ്ര റാവു പുനർവിവാഹം ചെയ്ത ചിക്കമഗളൂരു സ്വദേശിനിയുടെ മകളാണ് രന്യ. നാല് മാസം മുൻപ് വിവാഹിതയായ രന്യ തന്നിൽനിന്ന് അകന്നാണു കഴിയുന്നതെന്നും ഭർത്താവിന്റെ ബിസിനസിനെക്കുറിച്ച് വ്യക്തമായി അറിയില്ലെന്നും രാമചന്ദ്ര റാവു പറഞ്ഞു. മലയാളിയായ സ്വർണ വ്യാപാരിയിൽ നിന്ന് 2014ൽ 2 കോടി രൂപ പിടിച്ചെടുത്തെങ്കിലും 20 ലക്ഷം രൂപ മാത്രം രേഖകളിൽ കാണിച്ചെന്ന പരാതിയിൽ അന്ന് ദക്ഷിണ മേഖലാ ഐജിയായ രാമചന്ദ്ര റാവുവിൻ്റെ ഗൺമാൻ പിടിയിലായിരുന്നു. നിലവിൽ പോലീസ് ഹൗസിങ് കോർപറേഷൻ ഡിജിപിയാണ് രാമചന്ദ്ര റാവു.
2014 ൽ റിലീസ് ചെയ്ത് 100 ദിവസത്തിലധികം പ്രദർശിപ്പിക്കപ്പെട്ട മാണിക്യ എന്ന ചിത്രത്തിലൂടെയാണ് രന്യ അഭിനയ രംഗത്തെത്തിയത്. തുടർന്ന് ഓരോ തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചുവെങ്കിലും പിന്നീട് സജീവമായിരുന്നില്ല.