കണ്ണൂർ: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് നിയമാനുസൃതമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കൂത്തുപറമ്പിലെ വെടിവെപ്പ് ഗൂഢാലോചനയിൽ അദ്ദേഹത്തിന് പങ്കില്ലെന്ന് കെകെ രാഗേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സർക്കാരിന് പൂർണ്ണാധികാരം ഉപയോഗിച്ച് ഡിജിപി നിയമനം സാധിക്കില്ലെന്നും രാഗേഷ് ചൂണ്ടിക്കാട്ടി. പദ്മനാഭൻ കമ്മിഷൻ റിപ്പോർട്ട് പത്രസമ്മേളനത്തിൽ വായിച്ചാണ് രാഗേഷ് ഇക്കാര്യം പറഞ്ഞത്. നാടിനെക്കുറിച്ച് അറിയാതെയാണ് റവാഡ ചന്ദ്രശേഖർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ കൂത്തുപറമ്പിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1994 നവംബർ 25-നാണ് കൂത്തുപറമ്പ് വെടിവെപ്പുണ്ടാകുന്നത്. നവംബർ 23-നാണ് തലശ്ശേരി എഎസ്പിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. എന്താണ് നാട്, എന്താണ് കാര്യങ്ങൾ എന്നറിയുന്നതിന് മുമ്പാണ് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹം കൂത്തുപറമ്പിൽ എത്തിയത്. ആ സ്ഥലത്ത് ഉണ്ടായിട്ടുള്ള വിവിധ പോലീസ് ഉദ്യോഗസ്ഥരുടെ നേരെ വിവിധ വിമർശനങ്ങൾ വന്നിട്ടുണ്ടാകും. അഭിപ്രായങ്ങൾ പലരും പറഞ്ഞിട്ടുണ്ടാകും. ഇതുസംബന്ധിച്ച് വിശദമായ പരിശോധന നടത്തിയത് ജസ്റ്റിസ് കെ. പദ്മനാഭൻ നായർ കമ്മിഷനാണ്. അതിൽ പറയുന്നത്
കൂത്തുപറമ്പിലുണ്ടായ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് കണ്ണൂർ ഡിവൈഎസ്പി ആയിരുന്ന അബ്ദുൾ ഹക്കീം ബത്തേരിയുടെ നേതൃത്വത്തിൽ നടന്ന ഒഴിവാക്കാമായിരുന്ന ലാത്തിച്ചാർജ്ജ് ആണ് എന്നാണ്.
ആന്ധ്രാപ്രദേശിൽനിന്നുള്ള ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥനായ ചന്ദരശേഖർ 1994- നവംബർ 23-ന് വൈകുന്നേരം ആദ്യമായി തലശ്ശരിയിൽ വരികയും എഎസ്പിയായി ചാർജ്ജ് എടുക്കുകയും ചെയ്തു. കൂത്തുപറമ്പിലെ ഭൂമിശാസ്ത്രത്തെക്കുറിച്ചോ, രാഷ്ട്രീയ കൂട്ടുകെട്ടുകളെക്കുറിച്ചോ സ്ഥിതിഗതികളെക്കുറിച്ചോ അദ്ദേഹത്തിന് ഒരു രൂപവും ഉണ്ടായിരുന്നില്ല. ഇതിൽ ഉന്നയിച്ചിട്ടുള്ള ഏറ്റവും പ്രധാനപ്രശ്നം ഗുഢാലോചനയാണ്. രണ്ടുദിവസം മുമ്പ് ജോയിൻ ചെയ്ത ഉദ്യോഗസ്ഥൻ ഏതെങ്കിലും വിധത്തിൽ ഗൂഢാലോചനയിൽ പങ്കാളിയായെന്ന് ഒരുവിധത്തിലും പറയാൻ കഴിയില്ല. ഇക്കാര്യം കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നുണ്ടെന്നും രാഗേഷ് ചൂണ്ടിക്കാട്ടി.
വെടിവെപ്പിന് ഇടയായിട്ടുള്ള പരിയാരം മെഡിക്കൽ കോളേജിലെ ലാത്തിച്ചാർജ്ജ് സമയത്ത് റവാഡ ചന്ദ്രശേഖർ എന്ന ഉദ്യോഗസ്ഥൻ കേരളത്തിൽ ഇല്ല. സർവ്വീസിൽ പ്രവേശിച്ചിട്ടുപോലും ഇല്ല, കെകെ രാഗേഷ് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന പല ഉദ്യോഗസ്ഥരേക്കുറിച്ചും പല ആക്ഷേപങ്ങളും ഉണ്ടായിരുന്നു. അവ പരിശോധിച്ച് അതിലൊന്നും കഴമ്പില്ലെന്ന് സർക്കാർ നിയോഗിച്ച കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.