സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറച്ചു, ; ആഗസ്ത് ഒന്ന് മുതല്‍ പുതിയ നിരക്ക്

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളില്‍ കുറവുണ്ടാകുക. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയര്‍ മീറ്റര്‍ മുതല്‍ 300 സ്‌ക്വയര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ചുരുങ്ങിയത് അന്‍പത് ശതമാനമെങ്കിലും പെര്‍മ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്.

കോര്‍പറേഷനില്‍ 81 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകളുടെ പെര്‍മ്മിറ്റ് ഫീസ് 60% കുറയ്ക്കും. പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും. ലോക്സഭ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്‍റെ വലിയ പരാജയത്തിന് ഒരു കാരണമായി കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധനവാണെന്നാണ് വിലയിരുത്തലുണ്ടായിരുന്നു. അത് കൊണ്ട് ആ വിഷയത്തില്‍ വളരെ പെട്ടെന്നുള്ള ഇടപെടലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

ഗ്രാമപഞ്ചായത്തുകളില്‍ 81 മുതല്‍ 150 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ പെര്‍മ്മിറ്റ് ഫീസ് സ്‌ക്വയര്‍ മീറ്ററിന് 50 രൂപയില്‍ നിന്ന് 25 രൂപയായി കുറയ്ക്കും. മുന്‍സിപ്പാലിറ്റികളിലെ നിരക്ക് 70ല്‍ നിന്ന് 35 ആയും കോര്‍പറേഷനില്‍ 100ല്‍ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതല്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളില്‍ സ്‌ക്വയര്‍ മീറ്ററിന് 100 രൂപ എന്നതില്‍ നിന്ന് 50 ആയും, മുന്‍സിപ്പാലിറ്റികളില്‍ 120ല്‍ നിന്ന് 60 രൂപയായും, കോര്‍പറേഷനില്‍ 150ല്‍ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്‌ക്വയര്‍ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളില്‍ 150ല്‍ നിന്ന് 100 രൂപയായി കുറയ്ക്കും, മുന്‍സിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 200ല്‍ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58% വരെ കുറവ് വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

2023 ഏപ്രില്‍ 1 ന് മുന്‍പ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീര്‍ണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാല്‍ 2023 ഏപ്രില്‍ 1ന് കെട്ടിടങ്ങളെ വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏര്‍പ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ വ്യത്യസ്തമായ നിരക്കാണ് ഏര്‍പ്പെടുത്തിയത്. ഈ ക്രമീകരണം തുടരുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഒടുക്കേണ്ട ഒരു വര്‍ഷത്തെ വസ്തുനികുതി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസം, അതായത് ഏപ്രില്‍ 30നകം ഒടുക്കുകയാണെങ്കില്‍ 5% റിബേറ്റ് അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

നാമമാത്രമായ പെര്‍മ്മിറ്റ് ഫീസായിരുന്നു മുന്‍പുണ്ടായിരുന്നത്. കാലാനുസൃതമായി പെര്‍മ്മിറ്റ് ഫീസ് വര്‍ധിപ്പിക്കാത്തത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും വരുമാനത്തെയും കാര്യമായി ബാധിച്ചപ്പോഴാണ് സര്‍ക്കാര്‍ പെര്‍മ്മിറ്റ് ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത്.

കേരളത്തിലെ നഗരസഭകളുടെ വരുമാനം സംസ്ഥാന ജിഡിപിയുടെ അനുപാതത്തില്‍ വര്‍ധിക്കണമെന്നത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ നിബന്ധനയാണ്. ഈ വരുമാനത്തിന്റെ തോത് കൈവരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടി 24 നഗരസഭകളുടെ ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനം വര്‍ധിപ്പിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സിഎജിയും സംസ്ഥാന ധനകാര്യ കമ്മീഷനും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍, കോവിഡ് പോലുള്ള മഹാമാരികള്‍ തുടങ്ങിയവ മൂലമുള്ള അധികച്ചെലവും വരുമാന ശോഷണവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കാലാനുസൃതവും നവീനവുമായ വികസന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാമ്പത്തികമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിക്കുക അനിവാര്യമാണ്. ഈ വസ്തുതകളുടെയും നിര്‍ദേശങ്ങളുടെയും നഗരസഭകളുടെ ആവശ്യത്തിന്റെയും ഭാഗമായാണ് സര്‍ക്കാര്‍ തനതുവരുമാനം വര്‍ധിപ്പിക്കാനുള്ള വിവിധ നടപടികളിലേക്ക് കടന്നത്.

പെര്‍മ്മിറ്റ് ഫീസായി ലഭിക്കുന്ന പണത്തില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിന് ലഭിക്കുന്നില്ല. ഇത് പൂര്‍ണമായും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് ലഭിക്കുന്നത്, പ്രാദേശികമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് ചെലവഴിക്കുന്നത്. പുതുക്കിയ പെര്‍മ്മിറ്റ് ഫീസ് വഴിയുള്ള തനതുവരുമാനവര്‍ധനവിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 177.9 കോടിയുടെ അധികവരുമാനമാണ് ലഭിച്ചത്. ഇത് പ്രാദേശികമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പൂര്‍ണമായും വിനിയോഗിച്ചത്.

അങ്ങനെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തനതുവരുമാനത്തിലെ വര്‍ധന, ആത്യന്തികമായി ജനങ്ങളുടെ പശ്ചാത്തല സൌകര്യവും ക്ഷേമവും വര്‍ധിക്കുന്നതിനാണ് പ്രയോജനപ്പെട്ടത്

കാലോചിതമായി പെര്‍മ്മിറ്റ് ഫീസ് വര്‍ധിപ്പിക്കണമെന്നത് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആവശ്യമായിരുന്നു. കാരണം പല സ്ഥാപനങ്ങള്‍ക്കും ദൈനംദിന കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഈ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ ഗ്യാപ് ഫണ്ട് നല്‍കേണ്ടിവന്നിരുന്നു. വിവിധ നടപടികളിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശാക്തീകരിച്ചതിലൂടെ ഗ്യാപ് ഫണ്ട് ആവശ്യമായി വന്നിരുന്ന പഞ്ചായത്തുകളുടെ എണ്ണം 2022-23 ലെ 68ല്‍ നിന്ന് 2023-24ല്‍ 45 ആയി കുറഞ്ഞു. മുന്‍സിപ്പാലിറ്റികളുടെ എണ്ണം 10 ല്‍ നിന്ന് 6 ആയിട്ടാണ് കുറഞ്ഞത്.

പെര്‍മ്മിറ്റുകള്‍ വേഗത്തില്‍ ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമായിരുന്നു. ഇതിന് മാറ്റം വന്നിട്ടുണ്ട്. നഗരങ്ങളില്‍ 300 ചതുരശ്ര മീറ്റര്‍ വരെയുള്ള ലോ റിസ്‌ക് കെട്ടിടങ്ങള്‍ക്ക് സെല്‍ഫ് സര്‍ട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ തത്സമയം പെര്‍മ്മിറ്റ് നല്‍കാന്‍ കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ സംവിധാനമൊരുക്കി. ജനുവരി ഒന്നുമുതല്‍ കെ സ്മാര്‍ട്ടില്‍ ഈ സൌകര്യം ലഭ്യമാക്കി. കെ സ്മാര്‍ട്ടിലൂടെ കഴിഞ്ഞ ആറ് മാസം കൊണ്ടുമാത്രം 8807 പെര്‍മ്മിറ്റുകളാണ് മിനുട്ടുകള്‍ക്കകം ഇങ്ങനെ സെല്‍ഫ് സര്‍ട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ നല്‍കിയത്.

പെര്‍മ്മിറ്റ് ഫീസ് പരിഷ്‌കരിച്ചത് നിര്‍മ്മാണ മേഖലയെ ഒരു തരത്തിലും ദോഷകരമായി ബാധിച്ചിട്ടില്ലെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാണ്. 2022-23ല്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് അനുവദിച്ച പെര്‍മ്മിറ്റുകള്‍ 328518 ആയിരുന്നെങ്കില്‍ 2023-24ല്‍ ഇത് 359331 ആയി വര്‍ധിക്കുകയായിരുന്നു. 30813 പെര്‍മ്മിറ്റുകള്‍ അഥവാ 9.37 % വര്‍ധനവാണ് എണ്ണത്തിലുണ്ടായത്. നഗരങ്ങളിലെ പെര്‍മ്മിറ്റുകള്‍ ഒരു സാമ്പത്തിക വര്‍ഷം കൊണ്ട് 20311 ല്‍ നിന്ന് 40401 ആയി വര്‍ധിച്ചു, ഇരട്ടിയോളം വര്‍ധന.

വന്‍കിട കെട്ടിടങ്ങളുടെ എണ്ണത്തിലും വന്‍വര്‍ധനയാണെന്ന് കെ റെറയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 159 പ്രൊജക്ടുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2023ല്‍ ഇത് 211 ആയി വര്‍ധിച്ചു, 32.7% വര്‍ധന. 2023ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 6800 കോടിയുടെ വന്‍ ഭവനസമുച്ചയങ്ങളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

5 വര്‍ഷം കൂടുമ്പോള്‍ 25 ശതമാനം വസ്തുനികുതി വര്‍ധിപ്പിക്കണമെന്നത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയും നേരത്തെ ആക്ടിലുണ്ടായിരുന്ന വ്യവസ്ഥയുമാണ്. വരുമാനത്തില്‍ വര്‍ധനവില്ലെങ്കില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മുകളില്‍ പറഞ്ഞിട്ടുണ്ട്. ഈ വര്‍ധന ഒഴിവാക്കാനാവാത്തതാണ്. 2018 ഏപ്രിലില്‍ നടപ്പാക്കേണ്ടിയിരുന്ന നികുതി പരിഷ്‌കരണം കോവിഡും രണ്ട് പ്രളയങ്ങളും മൂലം മാറ്റിവെച്ച് 2023ലാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്.

25% ഒറ്റയടിക്ക് വര്‍ധന എന്നത് , ആക്ടില്‍ ഭേദഗതി വരുത്തി ഓരോ വര്‍ഷവും 5% വീതമാക്കി സര്‍ക്കാര്‍ ലഘൂകരിക്കുകയായിരുന്നു. ഒറ്റയടിക്ക് 25 ശതമാനം വര്‍ധിപ്പിക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുമ്പോള്‍, ആദ്യ വര്‍ഷം 20 ശതമാനവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 15,10,5 ശതമാനം വീതവും നികുതിദായകന് കുറവ് ലഭിക്കുന്നു.

ഉദാഹരണത്തിന് ആയിരം രൂപ നികുതിയുള്ള ഒരാളിന് 25% വര്‍ധനവിലൂടെ തൊട്ടടുത്ത വര്‍ഷം തന്നെ 1250 രൂപ നികുതിയടയ്‌ക്കേണ്ടിവരുന്നു. പ്രതിവര്‍ഷം അഞ്ച് ശതമാനം വര്‍ധനവിലൂടെ ഈ വര്‍ഷം 1050 രൂപ മാത്രമേ അടയ്‌ക്കേണ്ടി വരുന്നുള്ളൂ. അഞ്ച് വര്‍ഷത്തെ കണക്കെടുത്താലും 500 രൂപയുടെ കുറവ് നികുതിയില്‍ ഇങ്ങനെ ഗുണഭോക്താവിന് ലഭിക്കുന്നു. നികുതിയായി ലഭിക്കുന്നതില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിനില്ല. പൂര്‍ണമായും ഈ തുക പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിനിയോഗിക്കുന്നത്.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....