തിരുവനന്തപുരം : വയനാട് ദുരന്തബാധിതരുടെ പുനരധിവാസം ഒറ്റഘട്ടത്തിൽ തന്നെ പൂർത്തിയാക്കാൻ സർക്കാർ തീരുമാനം. വയനാട്ടിൽ രണ്ടിടങ്ങളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ 2 ടൗൺഷിപ്പുകൾ ഇതിനായി ഒരുങ്ങും. കിഫ്കോണിന്‍റെ മേൽനോട്ടത്തിൽ ഊരാളുങ്കലിനാണ് നിര്‍മ്മാണ ചുമതല. 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സഹായ സന്നദ്ധതയുമായി 38 സ്പോൺസര്‍മാരുമുണ്ട്. കേന്ദ്ര സഹായം വീണ്ടും അഭ്യർത്ഥിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.5 ഹെക്ടറിലും മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റിൽ 48.96 ഹെക്ടറിലുമായാണ് ടൗൺഷിപ്പുകൾ സജ്ജമാകുക. ഭൂമിയുടെ വില കണക്കിലെടുത്ത് കൽപ്പറ്റയിൽ 5 സെന്റിലും മേപ്പാടി നെടുമ്പാലയിൽ 10 സെന്റിലുമാണ് വീട് പണിയുക. ആയിരം സ്ക്വയര്‍ഫീറ്റുള്ള ഒറ്റനില വീടുകൾക്ക് ഭാവി വികസന സാദ്ധ്യത കൂടി മുന്നിൽ കണ്ടാണ് നിർമ്മാണം. അങ്കണവാടിയും സ്കൂളും ആശുപത്രിയും മാര്‍ക്കറ്റും തുടങ്ങി പാര്‍ക്കിംഗ് ഗ്രൗണ്ടും കളിസ്ഥലവുമൊക്കെയായി ലോകോത്തര നിലവാരമുള്ള ടൗൺഷിപ്പിനാണ് രൂപരേഖ.
ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരേയും വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവരേയും ഒരുമിച്ച് പുനരധിവസിപ്പിക്കും. വീടിരിക്കുന്ന ഭൂമിയുടെ പൂര്‍ണ്ണ അവകാശം ഗുണഭോക്താക്കൾക്കായിരിക്കും, പക്ഷേ കൈമാറ്റത്തിന് ചെറിയ നിബന്ധന ഉണ്ടാകും. ജനുവരി 25 നകം ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കും.
38 സ്പോൺസര്‍മാരാണ് സര്‍ക്കാരിന് മുന്നിൽ ഇപ്പോഴുള്ളത്. 50ൽ അധികം വീടുകൾ വാദ്ഗാനം ചെയ്തവരുമായി ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
സഹായം സ്വീകരിക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും പ്രത്യേക വെബ് പോര്‍ട്ടൽ അടക്കമുള്ള സൗകര്യങ്ങളാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്. പണം ഒന്നിനും തടസമല്ലെന്നും പുനരധിവാസം സര്‍ക്കാർ നൽകുന്ന ഉറപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
..