കോഴിക്കോട്: മലബാറിലെ പ്രധാന റെയിൽവെ സ്റ്റേഷനായ കോഴിക്കോട് അടിസ്ഥാനസൗകര്യവികസനത്തിനൊരുക്കുമ്പോൾ നാട് ഏറെ ചർച്ച ചെയ്ത പദ്ധതികളെ കൂടി ചേർത്ത് നിർത്താനുള്ള തയ്യാറെടുപ്പിലാണ് റെയിൽ മന്ത്രാലയം.
കോഴിക്കോട് റെയിൽവെ സ്റ്റേഷൻ നവീകരണ പ്രവർത്തനങ്ങൾക്ക് സ്ഥലം കണ്ടെത്തിയപ്പോൾ കെ-റെയിൽ, ലൈറ്റ് മെട്രോ എന്നീ പദ്ധതികളെ കൂടി ചേർത്താണ് കേന്ദ്ര റെയിൽമന്ത്രാലയം അംഗീകാരം നൽകി വിശദപദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്.
നവീകരണ പ്രവർത്തനങ്ങൾ മൂന്നുവർഷം കൊണ്ട് തീർക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ്റെ കിഴക്കുവശത്ത് ലൈറ്റ് മെട്രോയ്ക്കും പടിഞ്ഞാറുഭാഗത്ത് കെ-റെയിലിനുമാണ് സ്ഥലം നിർണ്ണയിച്ചിട്ടുള്ളത്. പടിഞ്ഞാറുഭാഗത്ത് പുതിയതായി നിർമിക്കുന്ന ടെർമിനൽ കെട്ടിടത്തിനും നിലവിലുള്ള നാലാം പ്ലാറ്റ്ഫോമിനും ഇടയിൽ രണ്ട് റെയിൽവേ ട്രാക്കുകൾക്കുകൂടിയുള്ള സ്ഥാനവും നിശ്ചയിച്ചു.
1888 ജനുവരി രണ്ടിന് കമ്മിഷൻ ചെയ്ത കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 136 വർഷത്തിനുശേഷമാണ് അടിമുടി പരിഷ്കാരം നടപ്പാക്കുന്നത്. അടുത്ത ഒരുനൂറ്റാണ്ടുകൂടി മുന്നിൽക്കണ്ട് നടത്തുന്ന പ്രവൃത്തിയായതുകൊണ്ടാണ് നിയുക്തപദ്ധതികൾക്കുകൂടി സ്ഥാനവും സ്ഥലവും നിർണയിച്ചതെന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
പത്തുവർഷത്തിലേറെയായി ചർച്ചയിലുള്ള വിഷയമാണ് കോഴിക്കോട്ടെ ലൈറ്റ് മെട്രോ റെയിൽ. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സാധ്യതാപഠനം നടത്തുകയും റെയിൽവേ സ്റ്റേഷനിൽ ഒരു സ്റ്റേഷൻ നിശ്ചയിക്കുകയും ചെയ്തിരുന്നു. സമാനരീതിയിൽ ഏഴുവർഷം മുൻപാണ് കെ-റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ റെയിൽവേ ലൈനിന് സമാന്തരമായി ഭൂഗർഭപാതയായും ആകാശപാതയായും സമനിരപ്പിലൂടെയുമായി അതിവേഗ തീവണ്ടി ഓടിക്കാൻ തീരുമാനിച്ചത്.
സ്റ്റേഷന്റെ തെക്കുകിഴക്ക് ഭാഗത്ത് ആനിഹാൾ റോഡ്, റെയിൽവേ റോഡുമായി ചേരുന്ന ഭാഗത്താണ് ലൈറ്റ് മെട്രോയ്ക്ക് സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഈ കെട്ടിടത്തിലേക്ക് റെയിൽവേ സ്റ്റേഷന്റെ കിഴക്കൻ ടെർമിനലിൽ നിന്ന് എട്ടുമീറ്റർ ഉയരത്തിൽ ആകാശപ്പാതയും നിർമ്മിക്കാൻ പദ്ധതിയുണ്ട്.
പടിഞ്ഞാറൻ ടെർമിനലിന് നേരേ മുന്നിലായാണ് കെ-റെയിൽ സ്റ്റേഷന് സ്ഥാനം. ഭൂഗർഭ റെയിലായാണ് ഇവിടത്തെ നിർദിഷ്ട പദ്ധതി. അതുകൊണ്ടുതന്നെ താഴത്തെ പ്ലാറ്റ്ഫോമിൽ നിന്ന് കയറിവരാനുള്ള എസ്കലേറ്ററും ലിഫ്റ്റും ഉൾപ്പെടുന്ന ചെറുകെട്ടിടമായാണ് കെ-റെയിൽ പ്ലാറ്റ്ഫോം പദ്ധതിയിലുള്ളത്.
ഈ നിർദിഷ്ട പദ്ധതികൾക്ക് സ്ഥലം നീക്കിവെക്കുന്നുണ്ടെങ്കിലും പദ്ധതികൾ നടപ്പാകുന്നതുവരെ ഈ ഇടങ്ങൾ കാർ-ബൈക്ക് പാർക്കിങ്ങിനായി ഉപയോഗിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.