കൊച്ചി: പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ ഗോപാലകൃഷ്ണൻ
ഇരുന്നൂറിലേറെ മലയാള സിനിമകളിലായി എഴുന്നൂറിലേറെ ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1971ൽ പുറത്തിറങ്ങിയ വിമോചന സമരം ആണ് ആദ്യത്തെ ചലച്ചിത്രം. പിന്നീടിങ്ങോട്ട് പല പ്രമുഖ സംവിധായകരുടെയും ചിത്രങ്ങൾക്ക് വേണ്ടി പ്രശസ്തമായ നിരവധി ഗാനങ്ങൾ രചിച്ചു. കാളിദാസന്റെ .
കാവ്യ ഭാവനയെ, ലക്ഷാര്‍ച്ചന കണ്ടുമടങ്ങുമ്പോള്‍, ഇവിടമാണീശ്വര സന്നിധാനം, ഗംഗയില്‍ തീര്‍ത്ഥമാടിയ കൃഷ്ണശില, നാടൻ പാട്ടിൻ്റെ മടിശ്ശീല, ഇളംമഞ്ഞിന്‍ കുളിരുമായി, പാലരുവീ നടുവില്‍, തുടങ്ങിയ പ്രശസ്തമായ ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നതാണ്.
നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണൻ എം.എസ്. വിശ്വനാഥൻ, ദേവരാജൻ, എം.കെ. അർജുനൻ, രവീന്ദ്രജയിൻ, ബോംബെ രവി, കെ.വി. മഹാദേവൻ,
ബാബുരാജ്, ഇളയരാജ, എ.ആർ. റഹ്‌മാൻ, കീരവാണി, ഹാരിസ് ജയരാജ്, യുവൻ ശങ്കർരാജ തുടങ്ങിയ പ്രമുഖ സംഗീതസംവിധായകർക്കൊപ്പം പ്രവർത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീനിലകളിലും ശ്രദ്ധേയനായിരുന്നു.
മലയാളത്തിൽ മൊഴി മാറ്റി ഇറങ്ങിയ ബാഹുബലി ഉൾപ്പെടെ പല തെലുങ്ക് ചലച്ചിത്രങ്ങളിലെയും ഗാനങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റിയത് മാങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു. അതേ പോലെ, ആര്‍.ആര്‍.ആര്‍, ബാഹുബലി (രണ്ടുഭാഗങ്ങള്‍), യാത്ര, ഈച്ച , ധീര എന്നീ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥകളും അദ്ദേഹത്തിന്റേതായിരുന്നു.