കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെതിരെ മറുപടിയുമായി റവന്യു മന്ത്രി കെ രാജൻ. മനുഷ്യത്വ രഹിതമായ പ്രസ്താവനയാണ് കേന്ദ്ര മന്ത്രിയുടേതെന്നും ഇത്തരം ദുരന്തമുഖത്ത് നടത്തേണ്ട പ്രസ്താവന ഇതല്ലെന്നും അനുചിത പ്രസ്താവന നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ സംയമനം പാലിക്കുകയാണ്. ഇതിനൊന്നും മറുപടി പറയാതെ സര്‍ക്കാര്‍ പോകില്ല. മുഖ്യമന്ത്രി അതിര്‍വരമ്പുകള്‍ ലംഘിക്കരുതെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്. ഒരു ദുരന്തമുഖത്തുള്ള കാര്യങ്ങളെല്ലാം മറന്ന് കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിക്കുന്നത് ശരിയല്ലെന്നും കെ രാജൻ പറഞ്ഞു. പഠനം നടത്തി വേണം ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതെന്നും കേന്ദ്ര മന്ത്രി പറയുന്നത് വസ്തുതയാകണമെന്നും നിഗമനം ശാസ്ത്രീയമാകണമെന്നും മന്ത്രി എംബി രാജേഷും പ്രതികരിച്ചു.
പരിസ്ഥിതി ലോല മേഖലയില്‍ അനധികൃത കുടിയേറ്റവും, ഖനനനവും അനുവദിച്ചതിന്‍റെ തിരിച്ചടിയാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നായിരുന്നു ഭൂപേന്ദ്രയാദവിന്‍റെ വിമര്‍ശനം. നിയമ വിരുദ്ധ നടപടികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സംരക്ഷണമൊരുക്കിയെന്നും മന്ത്രി തുറന്നടിച്ചു. സര്‍ക്കാരും പ്രാദേശിക രാഷ്ട്രീയ സംവിധാനവും നിയമ വിരുദ്ധ കുടിയേറ്റത്തിന് നിയമ വിരുദ്ധ സംരക്ഷണം നല്‍കി. വിനോദ സഞ്ചാര മേഖലയെ സോണുകളായി തിരിച്ചില്ല. പരിസ്ഥിതി ദുര്‍ബല മേഖലയായിട്ടും യഥേഷ്ടം ഖനനം അനുവദിച്ചുവെന്നും കേന്ദ്ര മന്ത്രി ആരോപിച്ചിരുന്നു.
അമിത് ഷാക്ക് പിന്നാലെയാണ് വയനാട് ദുരന്തത്തില്‍ സര്‍ക്കാരിനെതിരായ ഭൂപേന്ദ്രയാദവിന്‍റെയും വിമര്‍ശനം.
കാലാവസ്ഥ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് വന്‍ ദുരന്തനിടയാക്കിയതെന്ന വിമര്‍ശനം നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നയിച്ചിരുന്നു.